തിരഞ്ഞെടുപ്പില്‍ കേസും കെണിയുമായി സര്‍ക്കാര്‍: ലക്ഷ്യം വിഎസിന്റെ മകനും പിണായിയും

കൊച്ചി: ബാര്‍ കോഴ സോളാര്‍ കേസുകളില്‍ മുഖംനഷ്ടമായ സര്‍ക്കാര്‍ പ്രതിപക്ഷത്തെയും അഴിമതിക്കേസില്‍ കുടുക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. വിഎസിന്റെ മകനെയും പിണറായി വിജയനെയും ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. വിചാരണക്കോടതിയുടെ വിധി വന്ന് രണ്ടര വര്‍ഷത്തോളമാകാറായ ലാവ്‌ലിന്‍ കേസും തുടരന്വേഷണമാകാമെന്ന് രണ്ടു വര്‍ഷം മുമ്പ് ഹൈക്കോടതി വ്യക്തമാക്കിയ വി.എസിന്റെ മകനെതിരായ കേസുമാണ് യുഡിഎഫ് ഇപ്പോള്‍ തിരഞ്ഞെടുപ്പു പ്രചാരണായുധമാക്കുന്നത്. സി.പി.എമ്മിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു നേതാക്കളെ പഴയ കേസുകളിലൂടെ തളയ്ക്കാമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടലാണ് കേസുകള്‍ കുത്തിപ്പൊക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ സി.ബി.ഐ. കോടതി കുറ്റവിമുക്തനാക്കിയത് 2013 നവംബര്‍ അഞ്ചിനാണ്.
ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള സി.ബി.ഐയുടെ തീരുമാനം ഒട്ടും വൈകിയില്ല. സി.ബി.ഐ. ഹൈക്കോടതിയെ സമീപിച്ചിട്ടും നിലപാട് വ്യക്തമാക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
എന്നാല്‍, സി.പി.എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന തരത്തില്‍ മുന്നോട്ടുപോകുന്ന പിണറായി വിജയന്‍ നവകേരള മാര്‍ച്ച് തുടങ്ങാനിരിക്കെയാണ് കേസില്‍ കക്ഷിചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലാവ്‌ലിന്‍ കേസില്‍ കക്ഷിചേരാന്‍ സര്‍ക്കാര്‍ ആലോചന നടത്തിയത് രണ്ടര വര്‍ഷം!
അഞ്ചു ദിവസം മുമ്പാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍ കുമാറിന് എതിരായ വിജിലന്‍സ് അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതു സംബന്ധിച്ച നിര്‍ദേശം വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കുകയും ചെയ്തു.
അരുണ്‍കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ സമയത്തു തീരുമാനിച്ചതാണ്. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന് നടപടി തുടരാമെന്ന് 2014 ജനുവരി ആറിന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ നടപടിയുണ്ടായില്ല. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ അരുണ്‍കുമാറിനെതിരേ അന്വേഷണം ഊര്‍ജിതമാക്കാന്‍ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന വി.എസിനെ പിന്നാക്കം വലിക്കാന്‍ ഇതുപകരിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

Top