കണ്ണൂര്‍: വിവിധ പരിപാടികള്‍ക്കായി ഇന്ന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി മുഖ്യമന്ത്രി പിണറായി വിജയന്‍.ചില ദേശാടന പക്ഷികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരുഭൂമിയില്‍ നിന്നുള്ള ദേശാടനപക്ഷികളാണ് ഇടയ്ക്കിടയ്ക്ക് കേരളത്തിലെത്തുന്നത്. അത് നമ്മളെയെല്ലാം അസ്വസ്ഥരും ഭയചകിതരുമാക്കും. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, വിവിധ പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പസമയത്തിനുള്ളില്‍ കേരളത്തിലെത്തും. മധുരയിലെ പരിപാടി കഴിഞ്ഞ് കൊച്ചി നാവികസേനാ വിമാനത്താളത്തില്‍ ഉച്ചയ്ക്ക് 1.55ന് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി കൊച്ചി റിഫൈനറിയിലെ വിപൂലികരിച്ച പ്‌ളാന്റ് ഉദ്ഘാടനം ചെയ്യും. നാവികസേനാ വിമാനത്താളത്തില്‍ നിന്നും ഹെലികോപ്ടറില്‍ രാജഗിരി കോളജ് മൈതാനത്തേക്ക് എത്തുന്ന മോദി അവിടെ നിന്നും റോഡ് മാര്‍ഗമാണ് കൊച്ചി റിഫൈനറിയില്‍ എത്തുക. പിന്നീട് വൈകിട്ട് 4.15ന് തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയിലെ യുവമോര്‍ച്ച സമ്മേളനത്തിലും മോദി പ്രസംഗിക്കും. തുടര്‍ന്ന് നിരവധി പരിപാടികളില്‍ പങ്കെടുക്കുന്ന മോദി വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങും.