കോഴിക്കോട്: കെഎം മാണിയെ മെരുക്കിയെടുക്കുക എന്നത് കഴിയാത്ത കാര്യമാണെന്ന് മനസിലാക്കിയ മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും തടിയൂരി. കേരളാ കോണ്‍ഗ്രസ് എമ്മുമായി അനുനയ ചര്‍ച്ചക്കില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
ചര്‍ച്ചയുടെ മധ്യസ്ഥനാവാന്‍ താനില്ല. മാണി വിഭാഗത്തെ യുഡിഎഫിലേക്ക് മടക്കി കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം ശരിയോ തെറ്റോ എന്ന് താന്‍ പറയുന്നില്ല. മുന്നണിവിട്ട ഉടനെ മാണിക്കെതിരെ പറയാന്‍ ലീഗില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെഎം മാണിയെ യുഡിഎഫില്‍ തിരിച്ചു കൊണ്ടുവരാന്‍ ചര്‍ച്ച നടക്കുന്നില്ല. ഭാവിയില്‍ ചര്‍ച്ച ഉണ്ടായേക്കാം. ചര്‍ച്ച ചെയ്ത ശേഷം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് ബന്ധം ഉപേക്ഷിച്ച കേരളാ കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി നിലക്കൊള്ളുമെന്ന് ചെയര്‍മാന്‍ കെഎം മാണി പ്രഖ്യാപിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചക്കായി യുഡിഎഫ് കുഞ്ഞാലിക്കുട്ടിയെ നിയോഗിക്കുമെന്നായിരുന്നു സൂചന. കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥത ആവശ്യപ്പെട്ട് കെ മുരളീധരന്‍ പരസ്യമായി രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. ഇതിനെത്തുടര്‍ന്ന് മാണിയുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.
ആരുടേയും പ്രശ്നങ്ങള്‍ വിലകുറച്ച് കാണുന്നില്ല. പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ ആശയവിനിമയം നടത്തുന്നുണ്ട്. ഇതിനെ പ്രതിസന്ധിയും മധ്യസ്ഥതയുമായി വ്യാഖ്യാനിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് കുഞ്ഞാലിക്കുട്ടി അന്ന് പറഞ്ഞത്. എന്നാല്‍ മുന്നണി വിടുകയാണെന്ന് കോരളാ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മധ്യസ്ഥതയ്ക്കില്ലെന്ന് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.