നഗരത്തിലെ സാമൂഹ്യ വിരുദ്ധ ശല്യം: നാഗമ്പടത്ത് വീണ്ടും പൊലീസ് എയ്ഡ് പോസ്റ്റ് പുനരാരംഭിച്ചു; എയ്ഡ് പോസ്റ്റ് ബസ് സ്റ്റാൻഡ് കവാടത്തിൽ

കോട്ടയം: നഗരത്തിലെ സാമൂഹ്യ വിരുദ്ധ ശല്യം തടയാൻ നാഗമ്പടത്ത് എയ്ഡ് പോസ്റ്റുമായി പൊലീസ്. നാഗമ്പടം ബസ് സ്റ്റാൻഡിനു മുൻപിൽ നേരത്തെയുണ്ടായിരുന്ന എയ്ഡ് പോസ്റ്റാണ് പൊലീസ് വീണ്ടും സജീവമാക്കിയത്. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് അടക്കം നിർജീവമായ എയ്ഡ്‌പോസ്റ്റാണ് ഇപ്പോൾ വീണ്ടും പ്രവർത്തന സജ്ജമായിരിക്കുന്നത്.

നേരത്തെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം തന്നെയാണ് ഇപ്പോൾ എയ്ഡ് പോസ്റ്റിനായി സജ്ജമാക്കിയിരിക്കുന്നത്. നാഗമ്പടത്ത് സാമൂഹ്യ വിരുദ്ധ ശല്യം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി ഡി.ശില്പയും, ഡിവൈ.എസ്.പി കെ.സന്തോഷ്‌കുമാറിന്റെയും നേതൃത്വത്തിൽ പൊലീസ് സംഘം നാഗമ്പടത്ത് പരിശോധന നടത്തുകയും സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ ഭാഗമായാണ് ഇപ്പോൾ എയ്ഡ് പോസ്റ്റ് സജീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിൽ എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂറും ഇനി നാഗമ്പടത്ത് പൊലീസ് സാന്നിധ്യം ഉണ്ടാകുമെന്നാണ് സൂചന.

Top