നോട്ടുകള്‍ തട്ടിത്തെറിപ്പിച്ച് ഓട്ടം, പിടികൂടി അറസ്റ്റ്, രക്ഷപ്പെടാതിരിക്കാന്‍ വാഹനത്തിന് പോലീസ് കാവല്‍: കൈക്കൂലി കേസില്‍ കൃഷി ഓഫീസറെ പോലീസ് പിടികൂടിയത് ഇങ്ങനെ

കൊച്ചി: മൂവാറ്റുപുഴ കൃഷി ഓഫീസര്‍ എന്‍.ജി ജോസഫിനെ വിജിലന്‍സ് എറണാകുളം കളക്ടറേറ്റ് വളപ്പില്‍ നിന്ന് പിടികൂടി. കൈക്കൂലി കേസില്‍ ജോസഫിനെ വിജിലന്‍സ് പിടികൂടിയത് നാടകീയ രംഗങ്ങളിലൂടെയാണ്. കളക്ടറേറ്റഖിലെത്തിയിരുന്ന ജനങ്ങള്‍ക്കോ അവിടെയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കോ ആദ്യം ഒന്നും മനസ്സിലായില്ല. പിന്നീടാണ് ഇത് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ പിടിക്കാനുള്ള ബഹളമായിരുന്നുവെന്ന് ആളുകള്‍ക്ക് തിരിഞ്ഞത്.

നോട്ടുകള്‍ ചിതറി തറയില്‍ വീണു. ചുറ്റം ആളുകള്‍ കൂടി. നോട്ടിനായി വഴക്കടിക്കുകയാണ് എന്നാണ് ആളുകള്‍ കരുതിയത്. ഇതിനിടെ നോട്ടുകള്‍ താഴെയിട്ട് ഓടാന്‍ ശ്രമിച്ചയാളെ രണ്ടുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി. ബുധനാഴ്ച മൂന്നരയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പരാതിയെ തുടര്‍ന്ന് കെട്ടിടത്തിലും കവാടത്തിനു പുറത്തുമായി വേഷം മാറി നിരീക്ഷണത്തില്‍ നിന്ന പൊലീസുകാര്‍ ഓടിക്കൂടി ഇയാളെ പിടികൂടുകയായിരുന്നു. കൈ തട്ടിമാറ്റി കുറച്ചു ദൂരം ഓടിയെങ്കിലും പിന്നാലെയോടി ഉദ്യോഗസ്ഥര്‍ ഓഫീസറെ കീഴടക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത് വാഹനത്തിനുള്ളിലാക്കിയ ശേഷം ഇറങ്ങിപ്പോകാതിരിക്കാന്‍ എസ്.പി. കാര്‍ത്തിക്കിന്റെ നിര്‍ദേശ പ്രകാരം ഇരു വശങ്ങളിലും പൊലീസ് കാവലും ഏര്‍പ്പെടുത്തി. സംഭവമറിഞ്ഞ് സിവില്‍ സ്റ്റേഷനിലെ എല്ലാ നിലകളിലും ഈ രംഗം കാണാന്‍ ജീവനക്കാര്‍ തടിച്ചുകൂടിയിരുന്നു. കൈക്കൂലി കേസില്‍ പിടികൂടിയ ഓഫീസര്‍ക്ക് വിരമിക്കാന്‍ ഒരു വര്‍ഷം കൂടി മാത്രമാണുള്ളത്. പരാതി ലഭിച്ചതു മുതല്‍തന്നെ വിജിലന്‍സ് സംഘം പലയിടങ്ങളിലായി ഇദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു.

Top