യുവ പൊലീസുകാരന് സമ്മാനമായി മൂന്നാറില്‍ ഹണിമൂണ്‍ ട്രിപ്പ് സ്‌പോണ്‍സര്‍ ചെയ്ത് ഡെപ്യുട്ടി കമ്മീഷണര്‍; കാരണം ഇതാണ്

ബംഗളൂരു: പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന പൊലീസുകാര്‍ക്ക് സംഘടനയും മേലുദ്യോഗസ്ഥരും അഭിനന്ദനങ്ങള്‍ നല്‍കുന്നത് സാധാരണമാണ്. ഇടയ്‌ക്കൊക്കെ ചെറിയ സമ്മാനങ്ങളും ലഭിച്ചെന്നിരിക്കും. പക്ഷേ ബംഗളര്‍ സേനയിലെ യുവ ഓഫീസറായ വെങ്കിടേഷിന് ലഭിച്ചത് ഞെട്ടിക്കുന്ന സമ്മാനം. കഴിഞ്ഞ കുറച്ചു നാളുകളായി നഗരത്തെ വിറപ്പിച്ച് ബൈക്കില്‍ മോഷണ സംഘം കറങ്ങുകയാണ്. ബൈക്കിലെത്തി മാലയും പഴ്‌സുമൊക്കെ തട്ടുന്ന സംഘത്തെ പിടികൂടാനാവാതെ പൊലീസ് കുഴങ്ങുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സരജ്പൂര്‍ റോഡില്‍ നില്‍ക്കുകയായിരുന്ന വെങ്കിടേഷ് കരച്ചില്‍ കേട്ടത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘം മാല പൊട്ടിച്ച് കടക്കുകയായിരുന്നു. കള്ളന്മാര്‍ പോകുന്നത് കണ്ട വെങ്കിടേഷ് ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നു.

നാലു കിലോമീറ്ററോളം ചെയ്‌സിങിന് ശേഷം ഒരു ബൈക്കിനെ കീഴ്‌പ്പെടുത്താന്‍ വെങ്കിടേഷിന് സാധിച്ചു. രണ്ടു കള്ളന്മാരെ പിടികൂടി പൊലീസിന് കൈമാറി. ഇതിനിടെ വെങ്കിടേഷിന്റെ കൈയ്ക്കും കാലിനും മുറിവേറ്റിട്ടുണ്ട്. ഇത്ര ധീരതയോടെ കള്ളന്മാരെ കീഴ്‌പ്പെടുത്തിയ വെങ്കിടേഷിന് സേന 10000 രൂപ പാരിതോഷികമായി നല്‍കി. എന്നാല്‍ ശരിക്കും ഞെട്ടിച്ചത് ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുള്‍ അഹമ്മദ് ആണ്. ഉടനെ വിവാഹിതനാകാന്‍ പോകുന്ന വെങ്കിടേഷിന് തന്റെ സമ്മാനമായി ഹണിമൂണ്‍ ട്രിപ്പ് സ്‌പോണ്‍സര്‍ ചെയ്തു. മൂന്നു രാത്രിയും നാലു പകലും മൂന്നാറില്‍ ചിലവഴിക്കാന്‍ തയ്യാറാണോ എന്ന് കമ്മീഷണര്‍ ചോദിച്ചു.

Top