പോലീസില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്‌; ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്‌റ്റില്‍

കായംകുളം: പോലീസില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികളുടെ തട്ടിപ്പു നടത്തിയ കേസില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍. മുഖ്യപ്രതി ഉള്‍പ്പെടെ നാലുപേര്‍ ഒളിവില്‍. തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ സുരേന്ദ്രന്‍(56), ഭാര്യ അജിത(48), ബന്ധു തോട്ടപ്പള്ളി ചാലത്തോപ്പില്‍ ശംഭു(21) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. സുരേന്ദ്രന്റെ മകള്‍ ശരണ്യയാണ്‌ മുഖ്യപ്രതി. ഇവരെ കൂടാതെ രാജേഷ്‌, രാധാകൃഷ്‌ണന്‍ എന്നിവരും മറ്റൊരാളുമാണ്‌ ഒളിവിലുള്ളത്‌. പത്തനംതിട്ട എസ്‌.പി ഓഫീസിലെ ജീവനക്കാരിയാണെന്നും ആഭ്യന്തരമന്ത്രിയുടെ ഭാര്യക്ക്‌ ഒപ്പം യാത്ര ചെയ്യാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌ തന്നെയാണെന്നും പറഞ്ഞാണ്‌ ശരണ്യ തട്ടിപ്പു നടത്തുന്നത്‌.

 

സിവില്‍ പോലീസ്‌ ഓഫീസര്‍, വനിതാ സിവില്‍ പോലീസ്‌ ഓഫീസര്‍ സ്‌റ്റോര്‍ കീപ്പര്‍, ഡ്രൈവര്‍ തുടങ്ങിയ തസ്‌തികകളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കായംകുളം, പുതുപ്പള്ളി, ഹരിപ്പാട്‌, അമ്പലപ്പുഴ, മുതുകുളം, ചേര്‍ത്തല, കോട്ടയം എന്നിവിടങ്ങളിലെ നൂറോളം യുവതീയുവാക്കളില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതായി പോലീസ്‌ പറഞ്ഞു.എഴുപത്തിഅയ്യായിരം മുതല്‍ മൂന്നു ലക്ഷം രൂപ വരെയാണ്‌ പലരില്‍ നിന്നായി വാങ്ങിയത്‌. ശരണ്യയുടെ വീട്ടില്‍ നിന്നും കണ്ണൂര്‍, വയനാട്‌, എറണാകുളം, തൃശൂര്‍, മണിയാര്‍, അടൂര്‍ എന്നിവിടങ്ങളിലെ പോലീസ്‌ ക്യാമ്പുകളിലേക്കുള്ള നിയമന ഉത്തരവ്‌, ഫിസിക്കല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്‌, മെഡിക്കല്‍ ഫിറ്റ്‌നസ്‌ റിപ്പോര്‍ട്ട്‌ എന്നിവയുടെ 48 വ്യാജ രേഖകള്‍ കണ്ടെടുത്തു. ഒറിജിനലിനോട്‌ ഏറെ സാമ്യമുള്ള ഇതില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും വ്യാജ മുദ്രകളും ഉദ്യോഗാര്‍ഥികളുടെ ചിത്രവും പതിച്ചിട്ടുണ്ട്‌. ഉദ്യോഗാര്‍ഥികളോട്‌ ഡിവൈ.എസ്‌.പി. ആണെന്ന്‌ പറഞ്ഞ്‌ രാധാകൃഷ്‌ണന്‍ ഫോണിലൂടെ സംസാരിക്കുമായിരുന്നു. പുതുപ്പള്ളി സ്വദേശികളായ രണ്ടുപേര്‍ കായംകുളം പോലീസില്‍ പരാതി നല്‍കിയതോടെയാണ്‌ തട്ടിപ്പു പുറത്തായത്‌. പോലീസില്‍ പരാതി നല്‍കിയ വിവരം അറിഞ്ഞ്‌ ശരണ്യ കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തി വ്യാജ രേഖ നിര്‍മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും അനവധി രേഖകളും കടത്തിക്കൊണ്ടുപോയി. ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കാനായി കണ്ണൂര്‍, അടൂര്‍, മണിയാര്‍ പോലീസ്‌ ക്യാമ്പുകളില്‍ കൊണ്ടുപോയതായും പോലീസ്‌ പറഞ്ഞു. പുതുപ്പള്ളി സ്വദേശികളായ മൂന്നുപേരുള്‍പ്പെടെ ഒന്‍പതുപേര്‍ ഇതിനോടകം പരാതി നല്‍കിയിട്ടുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പി.എസ്‌.സിയിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ പിന്‍വാതില്‍ നിയമനം നടത്താമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്‌. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ എടുക്കാനെന്ന പേരില്‍ ചിലരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ ഒ.പി. ടിക്കറ്റ്‌ എടുത്ത ശേഷം ബാക്കി കാര്യങ്ങള്‍ താന്‍ ശരിയാക്കാമെന്ന്‌ പറഞ്ഞ്‌ ഇവരെ മടക്കി അയച്ചു. തട്ടിയെടുത്ത തുക ഉപയോഗിച്ച്‌ ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു ഇവര്‍. മൂന്നു ആഡംബര കാറുകളിലായിരുന്നു ശരണ്യയുടെ സഞ്ചാരം. മാവേലിക്കരയ്‌ക്ക്‌ സമീപം വസ്‌തു വാങ്ങാന്‍ 20 ലക്ഷം രൂപയുടെ ചെക്ക്‌ അഡ്വാന്‍സായി നല്‍കിയിരുന്നു. വിവാഹിതയായ ശരണ്യ സീതത്തോട്ടിലുള്ള ഭര്‍തൃഗൃഹത്തില്‍ നിന്നും പിണങ്ങി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. തട്ടിപ്പിനെ എതിര്‍ത്ത സഹോദരന്‍ ശരത്തിനെ വീട്ടില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. തട്ടിപ്പിനിരയായവര്‍ക്ക്‌ പോലീസില്‍ പരാതി നല്‍കാന്‍ സഹായിച്ചതു ശരത്താണ്‌. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ സൈബര്‍സെല്ലിന്റെ സഹായത്തോടെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന്‌ ഡിവൈ.എസ്‌.പി: ദേവമനോഹര്‍ പറഞ്ഞു. സി.ഐ: കെ.എസ്‌.ഉദയഭാനു, എസ്‌.ഐമാരായ രജീഷ്‌കുമാര്‍, സമദ്‌, സദാശിവന്‍, സി.പി.ഒമാരായ സതീഷ്‌, രജീന്ദ്രദാസ്‌, സബീര്‍, ജയന്തി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Top