പാലക്കാട്: ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉപയോഗിച്ച ചുവന്ന പോളോ കാര്‍ നല്‍കിയ സിനിമ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പൊലീസ്. ഫോണില്‍ വിളിച്ചാണ് കാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് തേടിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടുത്ത സുഹൃത്താണെന്നാണ് നടി പൊലീസിന് നല്‍കിയ മറുപടി.
ബംഗളൂരുവിലാണ് നിലവില്‍ നടിയുള്ളത്. രാഹുലിനെതിരെ കേസെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് രാഹുലിന്റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് രക്ഷപ്പെടാന്‍ ഉപയോഗിച്ച ചുവന്ന കാര്‍ എന്നാണ് പൊലീസ് കണ്ടെത്തല്‍.കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഈ കാര്‍ പാലക്കാടുണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് നിന്ന് രക്ഷപ്പെട്ട കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. രാഹുലിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ജോബി ജോസഫും ഒപ്പമുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു.പാലക്കാട് നിന്ന് ചുവന്ന പോളോ കാറില്‍ രാഹുല്‍ നേരെ പോയത് പൊള്ളാച്ചിയിലേക്കാണെന്നാണ് ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിനുശേഷം ഹൈവേ ഒഴിവാക്കി ജില്ലാ അതിര്‍ത്തിയായ കൊഴിഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് കടന്നത്.
കോയമ്പത്തൂരില്‍ നിന്നാണ് കര്‍ണാടക – തമിഴ്‌നാട് അതിര്‍ത്തിയായ ബാഗല്ലൂരില്‍ എത്തിയത്. ഞായറാഴ്ച മുതല്‍ ഇവിടെ റിസോര്‍ട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു. ഇന്നലെ രാവിലെ അന്വേഷണ സംഘം ഇവിടെ എത്തുമെന്ന വിവരം അറിഞ്ഞതോടെ ഇവിടെ നിന്ന് മുങ്ങി. അവിടെ നിന്ന് കര്‍ണാടകയിലേക്ക് പോയെന്നാണ് വിവരം. കാറുകള്‍ മാറിമാറി ഉപയോഗിച്ചാണ് രാഹുല്‍ യാത്ര ചെയ്യുന്നത്.


