മണ്ഡലത്തിൽ സ്വന്തമായി ഓഫിസില്ല; വീടില്ല: മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രചാരണ തന്ത്രങ്ങളൊരുക്കി സിപിഎം; ആദ്യ ഘട്ട പ്രചാരണം പൂർത്തിയാക്കി ജെയ്ക് സി.തോമസ്

രാഷ്ട്രീയ ലേഖകൻ

പുതുപ്പള്ളി: മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ സിപിഎം നിയോഗിച്ച എസ്എഫ്‌ഐഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി.തോമസ് ആദ്യ ഘട്ട പ്രചാരണം പൂർത്തിയാക്കി. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ അയ്യായിരത്തിലധികം വീടുകളിൽ നേരിട്ടെത്തിയാണ് ജെയ്ക് ആദ്യ ഘട്ട പ്രചാരണം പൂർത്തിയാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം പള്ളിയിൽ പോകാൻ മാത്രം പുതുപ്പള്ളിയിൽ എത്തിയ മുഖ്യമന്ത്രിക്കെതിരെ ജനകീയ വിഷയങ്ങൾ ഉയർത്തിയാണ് ഇപ്പോൾ സിപിഎം പ്രചാരണം ശക്തമാക്കുന്നത്.
പുതുപ്പള്ളിയുടെ എംഎൽഎയായി അൻപതു വർഷം പൂർത്തിയാക്കുന്ന മുഖ്യമന്ത്രിക്കു പുതുപ്പള്ളിയിൽ സ്വന്തമായി വീടോ, ഓഫിസോ ഇല്ലെന്നതാണ് ഇത്തവണ സിപിഎമ്മിന്റെ പ്രധാന ആയുധം. പുതുപ്പള്ളിയിൽ എല്ലാ ഞായറാഴ്ചയും എത്തുന്ന മുഖ്യമന്ത്രി സഹോദരന്റെ വീട്ടിലാണ് കഴിയുന്നത്. ഇവിടെ മണിക്കൂറുകളോളം കാത്തു നിന്നാലാണ് പലപ്പോഴും സാധാരണക്കാർക്കു മുഖ്യമന്ത്രിയെ കാണാനാവുന്നത്. ഇതിനായി പല ഇടനിലക്കാരെയും സാധാരണക്കാർക്കു മറികടക്കേണ്ടി വരുകയും ചെയ്യും. ഞായറാഴ്ചകളിൽ മാത്രമാണ് സാധാരണക്കാർക്കു മുഖ്യമന്ത്രിയെ കാണാനോ അപേക്ഷ നൽകാനോ സാധിക്കുക. മറ്റുള്ള ദിവസങ്ങളിൽ അപേക്ഷകൾ നൽകാൻ തിരുവനന്തപുരത്തു പോകുകയോ, മുഖ്യമന്ത്രിയുടെ ഇടനിലക്കാരായി നിൽക്കുന്ന കോൺഗ്രസ് നേതാക്കളെ കാണുകയോ വേണം.
സൗദിയിൽ കുടുങ്ങിയ മകളെ തിരികെ എത്തിക്കാൻ മുഖ്യമന്ത്രിക്കു അപേക്ഷ നൽകാനെത്തിയ സാധാരണക്കാരിയായ വീട്ടമ്മയുടെ പക്കൽ നിന്നു മദ്യവിരുദ്ധസമിതി പ്രവർത്തകനായ കോൺഗ്രസ് നേതാവ് 15000 രൂപ കോഴ വാങ്ങിയ സംഭവം വിവാദമായിട്ടു മാസങ്ങൾ മാത്രമേ ആയുള്ളൂ. ഇത്തരത്തിൽ സാധാരണക്കാരായ ആളുകൾക്കു ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രിയെ കാണാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ഓഫിസില്ലാത്തതിനാൽ മുഖ്യമന്ത്രിക്കു നൽകേണ്ട അപേക്ഷകൾ പോലും നൽകാൻ സാധിക്കുന്നുമില്ല. കേരളം മുഴുവൻ കരുതൽ നൽകുമ്പോൾ സ്വന്തം മണ്ഡലത്തിൽ കാര്യമായ ഒന്നും മുഖ്യമന്ത്രിക്കു ചെയ്യാൻ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.
അൻപതാം വർഷത്തിലേയ്ക്കു കട്ക്കുമ്പോൾ താൻ പഠിച്ച സർക്കാർ സ്‌കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിനു പോലും മുഖ്യമന്ത്രിക്കു സാധിച്ചിട്ടില്ല. പുതുപ്പള്ളിയിൽ ഐഎച്ച്ആർഡി ഒഴികെ സർക്കാർ മേഖലയിൽ ഒരു സ്‌കൂളിൽ പോലും ഹയർ സെക്കൻഡറി സ്‌കൂളുകളില്ല. മുപ്പതിലേറെ സ്വകാര്യ എയ്ഡഡ് സ്‌കൂളുകൾക്കു ഹയർസെക്കൻഡറി അനുവദിച്ചപ്പോഴാണ് സ്വന്തം മണ്ഡലത്തിലെ സർക്കാർ സ്‌കൂളിനെ തഴഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top