പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ജന്‍ സുരാജ് പാര്‍ട്ടി(ജെഎസ്പി) സ്ഥാപകനും മുന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. എന്നാല്‍, ഈ ആരോപണത്തെ പിന്തുണയ്ക്കാന്‍ നിലവില്‍ തന്റെ പക്കല്‍ തെളിവില്ലെന്നും അദ്ദേഹം ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നവംബര്‍മാസം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും സീറ്റുകളൊന്നും നേടാന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ജെഎസ്പിയുടെ പരാജയം തകര്‍ത്തുകളയുന്നതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കീഴടക്കാനാകാത്ത ചില ശക്തികള്‍ അവിടെ പ്രവര്‍ത്തിച്ചു. ജനങ്ങള്‍ക്ക് അധികം പരിചയമില്ലാത്ത പാര്‍ട്ടികള്‍ പോലും ലക്ഷക്കണക്കിന് വോട്ടുകള്‍ നേടി. ചില ആളുകള്‍ എന്നോട് പ്രതികരിക്കാനും വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടന്നെന്ന് പറയാനും ആവശ്യപ്പെടുന്നുണ്ട്. ഇത് പരാജയത്തിന് ശേഷം ആളുകള്‍ ഉന്നയിക്കുന്ന ആരോപണമാണ്. എന്റെ പക്കല്‍ തെളിവുകളില്ല. എന്നാല്‍, പല സംഗതികളും തമ്മില്‍ ഒത്തുപോകുന്നില്ല. പ്രഥമദൃഷ്ട്യാ, എന്തോ തെറ്റായി നടന്നെന്ന് തോന്നുന്നുണ്ട്. എന്നാല്‍, എന്താണ് അതെന്ന് അറിയില്ല, പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ആര്‍ജെഡി അധികാരത്തിലെത്തിയാല്‍ ജംഗിള്‍ രാജ് മടങ്ങിയെത്തുമെന്ന ഭയവും ജന്‍ സുരാജ് പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍, പല വോട്ടര്‍മാരും ചിന്തിച്ചു ജന്‍ സുരാജ് ജയിക്കുന്ന നിലയില്‍ അല്ല ഉള്ളതെന്ന്, അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശങ്ക ലളിതമായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്യുകയും ജന്‍ സുരാജ് പാര്‍ട്ടി വിജയിക്കാതിരിക്കുകയും ചെയ്താല്‍ അത് ലാലുവിന്റെ ജംഗിള്‍രാജ് മടങ്ങി വരാനുള്ള വഴിതെളിച്ചേക്കുമെന്ന് അവര്‍ കരുതി, പ്രശാന്ത് കിഷോര്‍ പറഞ്ഞു.


