ന്യുഡൽഹി: പ്രശാന്ത് കിഷോറും കോണ്‍ഗ്രസും അടിച്ചു പിരിഞ്ഞു.ലഖിംപൂര്‍ സംഭവത്തിലൂടെ കോണ്‍ഗ്രസ് തിരിച്ചുവരില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു കോൺഗ്രസിനെ ആഴത്തില്‍ ബാധിച്ച പ്രശ്‌നങ്ങള്‍ക്കും ഘടനാപരമായ ദൗര്‍ബല്യങ്ങള്‍ക്കും എളുപ്പത്തില്‍ പോംവഴിയില്ലെന്നും പ്രശാന്ത് കിഷോർ.
ഇതോടെ ശരിക്കൊന്നു കൈകോർക്കുന്നതിനു മുന്പേ തന്നെ കോൺഗ്രസ് പാർട്ടിയും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയ വിദഗ്ധൻ പ്രശാന്ത് കിഷോറും അടിച്ചുപിരിഞ്ഞിരിക്കയാണ് .
പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്നും പാർട്ടിയിലെ നിർണായക സ്ഥാനത്തേക്കു വരുമെന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾ അന്തരീക്ഷത്തിൽ ചർച്ചയായി നിൽക്കവേയാണ് പ്രശാന്തിനും കോൺഗ്രസിനും ഇടയിലുള്ള ബന്ധം വഷളായെന്ന സൂചന പുറത്തേക്കു വരുന്നത്. ലംഖിപുർ കർഷക കൂട്ടക്കൊല നടന്ന സംഭവത്തിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ നടന്ന ഇടപെടലുകളെക്കുറിച്ചു പരിഹാസരൂപത്തിൽ പ്രശാന്ത് ചെയ്ത ട്വീറ്റ് ആണ് ഇരുപക്ഷത്തിനുമിടയിലെ ബന്ധം മോശമായെന്ന സൂചന നൽകിയത്. പ്രശാന്തിന്‍റെ ട്വീറ്റിന് കൈയോടെ തന്നെ കോൺഗ്രസ് ചുട്ടമറുപടി നൽകുകയും ചെയ്തു. ഒരു വിഭാഗം നേതാക്കളുടെ കടുത്ത നിലപാട് മൂലം പ്രശാന്തിന്‍റെ കോൺഗ്രസ് പ്രവേശനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ് വന്നത്.
കോൺഗ്രസിന്റെ പേര് നേരിട്ടു പരാമർശിക്കാതെയായിരുന്നു പ്രശാന്തിന്‍റെ ട്വിറ്റർ പ്രതികരണം. ലഖിംപുരിൽ ഇപ്പോൾ നടത്തിയ ഇടപെടൽ മുത്തശിപ്പാർട്ടിക്ക് അടിയന്തര പുനർജീവൻ നല്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അവർക്കു നിരാശപ്പെടേണ്ടി വരും എന്നതായിരുന്നു പ്രശാന്തിന്‍റെ ട്വീറ്റ്. മുത്തശിപ്പാർട്ടിയുടെ അടിത്തട്ടിലും ഘടനയിലുമുള്ള ഗൗരവതരമായ ദൗർബല്യങ്ങൾ പരിഹരിക്കാൻ മിന്നൽ മിനുക്കുപണികളൊന്നും മതിയാകില്ല എന്നും പ്രശാന്ത് ട്വീറ്റ് ചെയ്തു. എന്നാൽ, ട്വീറ്റ് പുറത്തുവന്ന് അധികം വൈകാതെ രൂക്ഷമായ ഭാഷയിൽ തന്നെ കോൺഗ്രസ് വക്താവും അതിനോടു പ്രതികരിച്ചു. കോൺഗ്രസിന്‍റെ മുഖ്യവക്താവ് റൺദീപ് സുർജേവാലയാണ് പ്രശാന്തിനു മറുപടി നൽകിയത്. ലഖിംപുർ സംഭവങ്ങളെ രാഷ്‌ട്രീയ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും തട്ടിൽ വിലയിരുത്തുന്നത് കടുത്ത അപരാധമാണെന്നും ഒരു ഉപദേശകന്‍റെ പരാമർശത്തിനു മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും സുർജേവാല പ്രതികരിച്ചു.
നിലവിൽ തൃണമൂൽ കോൺഗ്രസിന്‍റെ മുഖ്യ രാഷ്‌ട്രീയ ഉപദേശകനായി പ്രവർത്തിക്കുകയാണ് കിഷോർ. കോൺഗ്രസിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാൻ രാഹുൽ ഗാന്ധിക്ക് അടക്കം താത്പര്യമുണ്ടായിരുന്നു. ഇക്കാര്യത്തിൽ രാഹുലുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി. എന്നാൽ, എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തക സമിതി അംഗമായും പ്രശാന്ത് കിഷോറിനെ നേരിട്ടു നിയമിക്കുന്നതിനെതിരേ പല നേതാക്കളും അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്‍റെ വിമർശകരായ ജി-23 നേതാക്കളും ഇതിനോടു പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ പ്രശാന്ത് കിഷോറിന്‍റെ കോൺഗ്രസ് പ്രവേശനം അടഞ്ഞ അധ്യായമായി മാറി.