ഗര്‍ഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി; ദമ്പതികള്‍ അറസ്റ്റില്‍

നോയിഡ: ഗര്‍ഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി വഴിയിലുപേക്ഷിച്ച കേസില്‍ അയല്‍ക്കാരായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മാല എന്ന യുവതിയാണ് കൊല്ലപ്പെട്ടത് സംഭവത്തില്‍  മാലയുടെ വീടിനു സമീപം താമസിക്കുന്ന സൗരഭ് ദിവാകര്‍, റിതു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഗാസിയാബാദില്‍ നിന്ന് സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ മൃതദേഹം കിട്ടിയത്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മാല വിവാഹിതയായത്. തനിക്ക് വിവാഹത്തിന് ലഭിച്ച ആഭരണങ്ങളും വിലപിടിച്ച വസ്തുക്കളും മറ്റും റിതുവിനെ ഈ പെണ്‍കുട്ടി കാണിച്ചിരുന്നു. ഇവയെല്ലാം കൈക്കലാക്കാന്‍ വേണ്ടിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. മാലയുടെ വീട്ടിലെത്തി മടങ്ങിപ്പോയ റിതു തന്റെ ഭര്‍ത്താവായ സൗരഭിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. ഇവര്‍ ഇരുവരും ചേര്‍ന്നാണ് കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയത്. മാലയുടെ ഭര്‍ത്താവായ ശിവം ജോലിക്ക് പോയ സമയത്തെ മാലയെ  ഇവര്‍ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു.

അതിന് ശേഷം  ഇരുവരും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു.പിന്നീട്  മൃതദേഹം മാല ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അതേ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച ശേഷം  സ്യൂട്ട്‌കേസ് ഗാസിയബാദില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. വൈകുന്നേരം ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. അതിന് ശേഷം പ്രതികളിലൊരാളായ റിതു തന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയി. പിറ്റേന്ന് ബിസ്‌റാക്ക് പൊലീസ് സ്റ്റേഷനിന്‍ മാലയെ കാണാനില്ല എന്ന് കാണിച്ച് ഭര്‍ത്താവ് ശിവം പരാതി നല്‍കി. അതേ സമയം തന്നെയാണ് യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച വിവരവും പൊലീസിന് ലഭിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ശിവം മാലയെ കൊലപ്പെടുത്തിയതാണെന്ന് മാലയുടെ മാതാപിതാക്കള്‍ ആരോപണമുന്നയിച്ചിരുന്നു.

എന്നാല്‍ കൊല നടന്ന സമയം ശിവം ഓഫീസിലായിരുന്നു എന്നതിനാല്‍ പൊലീസ് ഇയാളെ വിട്ടയച്ചു. ഇതിനിടെ, അയല്‍വാസികളായ ദമ്പതികളെ കാണാനില്ലെന്നു വിവരം ലഭിച്ചതോടെ അവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഒടുവില്‍ ഇരുവരെയും പിടികൂടി. മോഷ്ടിച്ച ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്‌ക്കൊപ്പമാണ് റിതുവിനെയും സൗരഭിനെയും പൊലീസ് അറസ്റ്റ് ചെയ്തത. കൊലപാതകം (ഐപിസി 302), തെളിവു നശിപ്പിക്കല്‍ (ഐപിസി 201), ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനു കാരണമാകല്‍ (ഐപിസി 316), മോഷണം (ഐപിസി 394) എന്നീ വകുപ്പുകളാണ് പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Top