രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ശബരിമല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കലാപത്തിന് ആഹ്വാനം ചെയ്തു എന്ന പരാതി രാഹുല്‍ ഈശ്വറിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഫ്‌ളാററില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊച്ചി പോലീസാണ് അറസ്റ്റ് ചെയ്തത്.
ശബരിമലയില്‍ യുവതീ പ്രവേശമുണ്ടായാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ തയാറായി 20 പേര്‍ നിന്നിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് കാലപത്തിനുള്ള ശ്രമമാണെന്ന് ദേവസ്വം മന്ത്രിയടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. കയ്യില്‍ സ്വയം മുറിവേല്‍പിച്ച് രക്തം വീഴ്ത്താനായിരുന്നു ഇവരുടെ പദ്ധതി.
മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഈശ്വറാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിനു മാത്രമല്ല, മറ്റുള്ളവര്‍ക്കും ആകാമല്ലോ പ്ലാന്‍ ബിയും സിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പരാമര്‍ശത്തിനെതിരെ എറണാകുളം പോലീസ് സ്‌റ്റേഷനില്‍ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോള്‍ ഈ സംഘം രംഗത്തുണ്ടാവാന്‍ ഇടയുണ്ടെന്നും രാഹുല്‍ ഈശ്വര്‍ നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍, നട അടയ്ക്കാന്‍ രക്തം വീഴ്ത്താന്‍ തയ്യാറായി നിന്നവരോട് അതില്‍ നിന്ന് പിന്തിരിയണമെന്നാണ് അഭ്യര്‍ഥിച്ചതെന്ന് രാഹുല്‍ ഈശ്വര്‍ പിന്നീട് നിലപാട് മാറ്റിയിരുന്നു. ഇത്തരത്തില്‍ പ്ലാന്‍ ബിയും പ്ലാന്‍ സിയും മറ്റും ഭക്തര്‍ക്ക് ഉണ്ടായിരുന്നെങ്കിലും അത് നിരുല്‍സാഹപ്പെടുത്തുന്ന നിലപാടാണ് താന്‍ സ്വീകരിച്ചത്. ഇത്തരക്കാരെ തടഞ്ഞുനിര്‍ത്താനാണ് ശ്രമിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.