ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ആഘാതത്തിൽ നിന്നും കോൺഗ്രസ് ഇനിയും മുക്തമായിട്ടില്ല. ബിജെപിയെ പരാജയപ്പെടുത്താനുള്ള വഴികളൊന്നും തെളിയുന്നില്ലെന്നതും പാർട്ടി വിട്ട് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേയ്ക്ക് പോകുന്നതും എല്ലാം കോൺഗ്രസിനെ വല്ലാതെ തളർത്തുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ രാഹുൽ ഗാന്ധിയെ ആകെ ഉലച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോക്സഭാ തോൽവിക്ക് പിന്നാലെ പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽഗാന്ധി കോൺഗ്രസിൽ നിന്നും പതിയെ അകലുന്നതാണ് കാണുന്നത്. പാർട്ടിയുടെ നിർണായക തീരുമാനങ്ങളിലൊന്നും രാഹുലിൻ്റെ പങ്കില്ല എന്നതും ശ്രദ്ധേയമാണ്. പാർട്ടിയെ പുഷ്ടിപ്പെടുത്താൻ സംയോജകരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച സോണിയാഗാന്ധി വിളിച്ചുചേർത്ത യോഗത്തിൽ രാഹുൽ പങ്കെടുത്തിരുന്നില്ല. കുറച്ചുനാളായി രാഹുൽ വിദേശത്താണ്.
വയനാട്ടിൽ രണ്ടാഴ്ച കഴിഞ്ഞ് മടങ്ങിയെത്തുമെന്ന് നേതാക്കളെ അറിയിച്ചശേഷമാണ് രാഹുൽ കേരളത്തിൽ നിന്ന് മടങ്ങിയത്. മാണിസാറിന്റെ മണ്ഡലമായതിനാൽ പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് കേരള നേതാക്കൾക്ക് ഉറപ്പും നൽകിയിരുന്നു. എന്നാൽ, പാലായിലേക്ക് രാഹുൽ എത്തിയതുമില്ല. തന്റെ മണ്ഡലമായ വയനാട്ടിൽ എന്ന് എത്തുമെന്നും വ്യക്തമാക്കിയിട്ടില്ല. രാഹുൽ പതിയെപ്പതിയെ രാഷ്ട്രീയ ജീവിതം മതിയാക്കുന്നോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
രാഹുൽ അദ്ധ്യക്ഷപദം ഒഴിഞ്ഞതോടെ അദ്ദേഹത്തിന്റെ ബ്രിഗേഡിലുണ്ടായിരുന്ന പല യുവനേതാക്കളും സംഘടനയിലെ സ്ഥാനം രാജിവച്ചിരുന്നു. സോണിയാ ഗാന്ധി അദ്ധ്യക്ഷ പദവിയിലെത്തിയതോടെ രാഹുലിന്റെ കാലത്ത് പ്രതാപം നഷ്ടപ്പെട്ട മുതിർന്ന നേതാക്കൾ തിരിച്ചുവരവിനുള്ള ശ്രമം നടത്തുകയാണ്. സംസ്ഥാനങ്ങളിൽ സോണിയാ ഗാന്ധി നടത്തുന്ന നിയമനങ്ങളും ഇക്കാര്യം അടിവരയിടുന്നു. ഹരിയാനയിൽ പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് അശോക് തൻവാറിന് പകരം കുമാരി സെൽജയെ സോണിയാഗന്ധി നിയമിച്ചു. മുംബയ് കോൺഗ്രസിൽ രാഹുലിന്റെ മറ്റൊരു വിശ്വസ്തൻ മിലിന്ദ് ദേവ്റയ്ക്ക് പകരം ഏക്‌നാഥ് ഗെയ്‌ക്ക്‌വാദിനെയാണ് നിയമിച്ചത്. ജാർഖണ്ഡിലും ത്രിപുരയിലുമെല്ലാം പാർട്ടി പുന:സംഘടനയിൽ സോണിയ മുതിർന്ന നേതാക്കളെയാണ് വിശ്വാസത്തിൽ എടുത്തിരിക്കുന്നത്.
രാഹുൽ അദ്ധ്യക്ഷനായിരുന്ന കാലയളവിൽ എ.ഐ.സി.സിയുടെ പ്രധാന ചാർജുകളെല്ലാം വഹിച്ചിരുന്ന ചില യുവ നേതാക്കളെ വരുംദിവസങ്ങളിൽ മാറ്റുമെന്ന സംസാരവും പാർട്ടിയിൽ നടക്കുന്നുണ്ട്. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും സച്ചിൻപെെലറ്റും ജ്യോതിരാദിത്യ സിന്ധ്യയും വിമതസ്വരം ഉയർത്തിയിട്ടും മുഖ്യമന്ത്രി കസേരയിൽ കമൽനാഥും അശോക് ഗലോട്ടും തുടരുന്നത് സോണിയയുടെ ബലത്തിലാണ്. കേരളത്തിൽ കെ.വി തോമസ് ഉൾപ്പടെയുളള നേതാക്കൾക്ക് സംഘടനാ രംഗത്ത് ഉയർന്ന സ്ഥാനം ലഭിക്കുമെന്നും സൂചനയുണ്ട്.