തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം തുടര്‍വാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞില്ല. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്. വാദപ്രതിവാദങ്ങള്‍ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതല്‍ രേഖകള്‍ ഹാജാരാക്കാന്‍ ആവശ്യപ്പെട്ടു.
ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മറ്റു തെളിവുകള്‍ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു. നിലവില്‍ 7 ദിവസമായി രാഹുല്‍ ഒളിവില്‍ തുടരുകയാണ്. ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തില്‍ കോടതി തീര്‍പ്പ് പറഞ്ഞില്ല. അറസ്റ്റിന് തടസ്സമില്ലെങ്കിലും ജാമ്യാപേക്ഷയില്‍ നാളെയായിരിക്കും കോടതി വിധിവരിക.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് വിവരം. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം വന്നശേഷമായിരിക്കും നടപടിയുണ്ടാകുകയെന്നാണ് വിവരം. രാഹുലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
നേതാക്കളായ കെ മുരളീധരന്‍, അജയ് തറയില്‍, വനിതാ നേതാക്കളായ ജെബി മേത്തര്‍, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണണ, അഡ്വ. ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരടക്കം രാഹുലിനെതിരെ കടുത്ത നടപടിവേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.
രാഹുല്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റുമായി ചര്‍ച്ച നടത്തിയെന്നും കോടതി വിധിവരട്ടെയെന്നും നല്ല വാര്‍ത്ത വരുമെന്നുമായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണം. നല്ല വാര്‍ത്ത ആര്‍ക്കായിരിക്കും എന്ന ചോദ്യത്തിന് ആര്‍ക്കുമാകാമെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി. ജാമ്യ ഹര്‍ജിയില്‍ തീരുമാനം ഉണ്ടായശേഷം രാഹുലിനെതിരായ നടപടിയില്‍ തീരുമാനം ഉണ്ടാകുമെന്ന സൂചനയാണ് അടൂര്‍ പ്രകാശും നല്‍കിയത്.
രാഹുലിന് എം എല്‍ എ സ്ഥാനം നല്‍കിയത് ജനങ്ങളാണെന്നും കോണ്‍ഗ്രസ് സ്വീകരിച്ചത് മാതൃകപരമായ നടപടിയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നേതാക്കള്‍ നിലപാട് കടുപ്പിച്ചതോടെ കോടതി തീരുമാനത്തിന് മുമ്പ് തന്നെ രാഹുലിനെതിരെ നടപടിയുണ്ടാകുമോയെന്നാണ് ആകാംക്ഷ.


