പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ സിപിഎം അണികള്‍ക്കിടയില്‍ രോഷം ശക്തമായതോടെ രാഹുലിനെ ഉടനടി പൊക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.
പോലീസിലെ ബന്ധപ്പെട്ടവരോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടാണ് മുഖ്യമന്ത്രി ദുബായിലേക്ക് വിമാനം കയറിയത്. ദുബായിലെത്തിയ മുഖ്യമന്ത്രി കേസ് അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. രാഹുലിനെ പിടിക്കാന്‍ വൈകുന്നത് സര്‍ക്കാരിന് നാണക്കേടാകുമെന്ന് പോലീസിലെ ഉന്നതരെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണ സംഘം പാലക്കാട് എത്തിയത്. ബുധനാഴ്ച രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം കോടതി പരിഗണിക്കും. ബുധനാഴ്ച വാദത്തിലേക്ക് കടക്കില്ലെന്നാണ് വിലയിരുത്തല്‍. കോടതി പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെടും. തിങ്കളാഴ്ചയോടെ മാത്രമേ ജാമ്യ ഹര്‍ജിയില്‍ വിധി വരൂവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഇതിന് മുമ്പ് രാഹുലിനെ പിടിച്ചേ മതിയാകൂവെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. രാഹുല്‍ ഒളിവിലാകുമ്പോഴും പരാതി നല്‍കിയ യുവതിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതും പോലീസിനെ പ്രതോപിപ്പിച്ചിട്ടുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളുമായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധമാണ് രാഹുലിന് തുണയാകുന്നത്. അത് കൊണ്ട് തന്നെ അറസ്റ്റ് നടക്കുക എന്നതും പോലിസിന് വെല്ലുവിളിയാണ്.
ഇല്ലാത്ത പക്ഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം പോലീസിന്റെ കഴിവുകേടായി ഇത് മാറുമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. യുവതിയെ ലൈംഗികചൂഷണം നടത്തിയ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാടുള്ള ഫ്ലാറ്റില്‍ പരിശോധന നടക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണ സംഘം ഇന്ന് പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. ഇരു ടീമുകളും സംയുക്തമായാണ് ഫ്ലാറ്റില്‍ പരിശോധന നടത്തുന്നത്. കുന്നത്തൂര്‍മേടുള്ള ഫ്ലാറ്റിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നത്. രാഹുലിനായി സംസ്ഥാന വ്യാപകമായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ബന്ധുക്കളില്‍ ചിലരെ ചോദ്യം ചെയ്തേക്കും. അതേസമയം, രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായാണ് സൂചന. തമിഴ്നാട് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.


