തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗക്കേസില്‍ യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വിവാഹ ബന്ധം നാലു ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ എന്ന അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് തെറ്റാണ്. മാസങ്ങളോളും തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. അവര്‍ ഇപ്പോഴും വിവാഹമോചിതരല്ല. താന്‍ വിവാഹത്തില്‍ പങ്കെടുത്ത ആളാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അറിയാവുന്ന ഇത്രയും സത്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണെന്നും സന്ദീപ് വാര്യര്‍ അറിയിച്ചു. അതിനിടെ ജനുവരിയിലും പരാതിക്കാരിയും ഭര്‍ത്താവും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളും ചര്‍ച്ചയായിട്ടുണ്ട്. ഇതോടെ കേസില്‍ ചര്‍ച്ചകള്‍ പല വഴിക്കാണ് പോകുന്നത്.
രാഹുലിനെതിരെ പരാതിപ്പെട്ട യുവതി ഇപ്പോഴും വിവാഹമോചനം നടത്തിയിട്ടില്ലെന്ന രാഹുല്‍ ഈശ്വറിന്റെ വാദത്തിന് പിന്നാലെയാണ് അത് സ്ഥിരീകരിച്ചുകൊണ്ടുള്ള സന്ദീപ് വാര്യറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഈ വിവാഹത്തില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്തിരുന്നതായി രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമെന്ന് യുവതിയുടെ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ അനുകൂലിക്കുന്നവര്‍ അതിനെ എതിര്‍ത്ത് രംഗത്തെത്തിയത്. വിവാഹിതയായ യുവതിയുടെ ഗര്‍ഭത്തിന് ഉത്തരവാദി താനല്ലെന്നും അവരുടെ ഭര്‍ത്താവാണെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ഗര്‍ഭച്ഛിദ്രം അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തതെന്നും രാഹുല്‍ വാദിക്കുകയുണ്ടായി. അതേസമയം രാഹുലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണ് താനെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലുമായി യുവതി ബന്ധം സ്ഥാപിച്ചത് വിവാഹിതയായിരിക്കുമ്പോഴെന്ന വാദം ശക്തമായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന തരത്തിലും റിപ്പോര്‍ട്ട് എത്തി. വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രം. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷം. 2024 ഓഗസ്റ്റ് 22ന് വിവാഹം നടന്നുവെങ്കിലും, ഒരുമിച്ച് ജീവിച്ചത് നാലു ദിവസം മാത്രം. ഒരു മാസത്തിനുള്ളില്‍ ബന്ധം ഒഴിഞ്ഞു. രാഹുലുമായി പരിചയപ്പെടുന്നത് ഇതും കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമെന്നും യുവതി മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് സന്ദീപ് വാര്യരുടെ പോസ്റ്റ് തള്ളുന്നത്.
സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
പ്രിയപ്പെട്ട രാഹുല്‍ ഈശ്വര്‍, എന്നെ അഭിസംബോധന ചെയ്ത് താങ്കള്‍ യൂട്യൂബില്‍ ചെയ്ത വീഡിയോ കണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വളരെ വിവാദമായ ഒരു കേസില്‍ , പ്രത്യേകിച്ച് ഒരു പെണ്‍കുട്ടി നല്‍കിയിരിക്കുന്ന കേസില്‍ അഭിപ്രായം പറയുന്നതിലെ ശരിയും ശരികേടും എന്നെ ചിന്താ കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാല്‍ പോലും സത്യം പറയാന്‍ മടിക്കേണ്ടതില്ല എന്നതുകൊണ്ട് പറയുകയാണ്.
താങ്കള്‍ യൂട്യൂബില്‍ പറഞ്ഞതുപോലെ ആ വിവാഹത്തില്‍ ഞാന്‍ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന് കോടതിയില്‍ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവര്‍ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു . ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവര്‍ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരില്‍ താലികെട്ടിയതാണ്. ഞാന്‍ അറിയാവുന്ന ഇത്രയും സത്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ്.
എന്നാല്‍ ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എന്റെ നിലപാട്. സത്യം വിജയിക്കട്ടെ.


