സോണിയയുടെ പടിയിറക്കം ഉടന്‍ ;രാഹുല്‍ അടുത്ത അദ്ധ്യക്ഷന്‍

ന്യുഡല്‍ഹി:സോണിയാ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒക്ടോറില്‍ പടിയിറങ്ങും .അടുത്ത സംഘടനാ തിരഞ്ഞെടുപ്പു നടക്കുന്ന ഒക്ടോബര്‍ 15 വരെയേ സോണിയാ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിരിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.സംഘടനാതിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 15ന് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം സംഘടനാ തിരഞ്ഞെടുപ്പിന്റെ സമയക്രമത്തിന് അംഗീകാരം നല്‍കിയിരുന്നു. ബൂത്ത് തലം മുതല്‍ എ.ഐ.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് വരെ നടക്കുന്ന തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കും. ഡിസംബര്‍ 31 വരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമയം അനുവദിച്ചിട്ടുണ്ട്.
2013 ലാണ് രാഹുല്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷനാകുന്നത്. എന്നാല്‍ രാഹുലിനെ പുതിയ പ്രസിഡന്റാക്കുന്ന കാര്യം പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്‌തോ എന്ന ചോദ്യത്തോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ല. തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധിയെ അദ്ധ്യക്ഷനാക്കുന്ന കാര്യം പ്രത്യേകമായി ചര്‍ച്ച ചെയ്തില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.ബൂത്ത് തലം മുതല്‍ എഐസിസി അദ്ധ്യക്ഷ പദവിയിലേക്ക് വരെ നടക്കുന്ന തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 30 നാണ് പൂര്‍ത്തിയാകുക. കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും രാഹുല്‍ അദ്ധ്യക്ഷനാകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മന്‍മോഹന്‍സിങ്, എകെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ ആവശ്യത്തെ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ധ്യക്ഷ പദവി ഏറ്റെടുക്കാന്‍ അന്ന് രാഹുല്‍ സമ്മതിച്ചിരുന്നില്ല.1998 പ്രസിഡന്റായിരുന്ന സീതാറാം കേസരി പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് സോണിയാ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. തുടര്‍ന്ന് രണ്ട് പതിറ്റാണ്ടായി സോണിയ ഈ പദവി അലങ്കരിച്ചു വരികയാണ്. 2013ല്‍ ജയ്പൂരില്‍ ചേര്‍ന്ന ചിന്തന്‍ ശിബിരത്തിലാണ് പാര്‍ട്ടി ഉപാദ്ധ്യക്ഷനായി രാഹുലിനെ നിയമിച്ചത്.

Top