ദുബായ്: കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ യുഎഇ സന്ദര്‍ശനം വാര്‍ത്തയാകുകയാണ്. രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അബുദാബിയിലെ സണ്‍റെസ് പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അമല എന്ന വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് രാഹുല്‍ നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. ചോദ്യം രാഹുലിന് വല്ലാതെ ഇഷ്ടമാകുകയും അമലയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടയിലാണ് രാഹുലിനെ തേടി അമലയുടെ ചോദ്യമെത്തുന്നത്.
ട്രാന്‍ജെഡറുകള്‍ക്ക് വരെ രാഷ്ട്രീയത്തില്‍ അവസരം നല്‍കുമ്പോള്‍ എന്തുകൊണ്ടാണ് ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാത്തതെന്നായിരുന്നു അമലയുടെ ചോദ്യം. വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് കുറച്ചുനേരം ആലോചിച്ചതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വടക്കേ ഇന്ത്യയില്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം തെക്കേ ഇന്ത്യയില്‍ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
ഇതിന് ശേഷമാണ് രാഹുല്‍ വിദ്യാര്‍ത്ഥിനിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. എന്നാണ് അമല ഞങ്ങള്‍ക്കൊപ്പം ചേരുന്നതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. തനിക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യം ഉണ്ടെന്നും അച്ഛന്‍ ഒരു രാഷ്ട്രീയക്കാരനാണെന്നും ചിരിച്ചുകൊണ്ട് അമല മറുപടിയും നല്‍കി. രാഹുലും അമലയുമായുള്ള സംവാദത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.