ലവ് ജിഹാദ് ആരോപിച്ച് കൊലപാതകം: പ്രതിയെ പിന്തുണച്ച് റാലി; ലക്ഷങ്ങളുടെ സഹായധനവും

ദില്ലി: ഹിന്ദുപെണ്‍കുട്ടിയെ പ്രണയിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തില്‍ പ്രതിയെ പിന്തുണച്ച് റാലി. നവമാധ്യമങ്ങളിലൂടെയാണ് പ്രതി ശംഭുലാല്‍ രേഗറിന് പിന്തുണതേടി റാലി നടത്താന്‍ ആഹ്വാനം ചെയ്തത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ശംഭുലാലിനെ അനുകൂലിച്ച് പ്രകടനം നടന്നത്.

പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചതിനെത്തുടര്‍ന്ന് 50 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 20 പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. സംഭവവുമായി ബന്ധപ്പെട്ട് 50ലേറെ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ ചേതക് സര്‍ക്കിള്‍ മേഖലയില്‍ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിഷേധക്കാരില്‍ ചിലര്‍ കല്ലെറിയുകയും പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. നഗരത്തിന്റെ മറ്റുചില ഭാഗങ്ങളിലും ശംഭുലാലിനുവേണ്ടി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഉപേഷ് റാണയെന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇത്തരമൊരു പ്രകടനത്തിനു തുടക്കമിട്ടത്. പോസ്റ്റു വന്നതിനു പിന്നാലെ സര്‍ക്കാര്‍ ഉദയ്പൂരില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഉദയ്പൂരിനു സമീപമുളളവരാണ് കസ്റ്റഡിയിലായവരില്‍ ഭൂരിപക്ഷവുമെന്ന് പൊലീസ് അറിയിച്ചു. മുഹമ്മദ് അഫ്രസുലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ എട്ടിന് ഉദയ്പൂരില്‍ ഒരു സംഘം മുസ്ലീങ്ങള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനു മറുപടിയെന്ന നിലയിലാണ് തങ്ങള്‍ പ്രകടനം നടത്തിയതെന്നാണ് കസറ്റഡിയിലുള്ളവര്‍ പൊലീസിനോടു പറഞ്ഞത്.

ഉദയ്പൂരില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ഇതിനിടയില്‍ പ്രതി ശംഭുലാലിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കിട്ടിയ പ്രതിഫലം മൂന്നു ലക്ഷം രൂപ. 516 ചേര്‍ന്നാണ് ശംഭുലാല്‍ റീഗറിന്റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ പിരിച്ചുനല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. കേരളം ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിന്നുമാണ് ശംഭുലാലിന് പണം എത്തിയത്.

ശുഭുലാലിന്റെ ഭാര്യ സീതയുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലാണ് പണം എത്തിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ ഈ അക്കൗണ്ട് മരവിപ്പിച്ചതായി പൊലീസ് പറഞ്ഞു. ശംഭുലാലിന്റെ കുടുബത്തിന് സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ചിലര്‍ സോഷ്യല്‍ മീഡിയ ക്യാംപയിന്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വ്യാപകമായി പണം നിക്ഷേപിക്കപ്പെട്ടത്.

Top