മോശം വ്യക്തിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമായിരുന്നിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ജനങ്ങളുടെ തലയില്‍ കെട്ടിവെച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോള്‍ കേസെടുത്തത് സര്‍ക്കാരിന്റെ നാടകമാണെന്നും ശബരിമല വിഷയം മറയ്ക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
”രാഹുല്‍ പാലക്കാട്ടുകാരുടെ തലയില്‍ കെട്ടിവെച്ച എംഎല്‍എയാണ്. മോശം വ്യക്തിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞിട്ടും അദ്ദേഹത്തെ പാലക്കാട് കൊണ്ടുവന്നിറക്കി,” ചന്ദ്രശേഖര്‍ പറഞ്ഞു. രാഹുലിനെതിരെ ഇപ്പോള്‍ കേസെടുത്തത് സര്‍ക്കാരിന്റെ നാടകമാണ്. നാല് മാസം മുമ്പ് തന്നെ സര്‍ക്കാരിന് സ്വമേധയാ കേസെടുക്കാമായിരുന്നു. ശബരിമല വിഷയം മറയ്ക്കാനാണ് ഇപ്പോള്‍ രാഹുല്‍ വിഷയം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസിനും പങ്കുണ്ടെന്ന് ചന്ദ്രശേഖര്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ സഹായത്തോടെയാണ് ഒരു ദല്ലാള്‍ കൊള്ളയുടെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു.
മസാല ബോണ്ട് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരായ ഇ.ഡി. സമന്‍സ് അന്വേഷണത്തിന്റെ ഭാഗമായാണെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. നടന്നത് ഗുരുതര ക്രമക്കേടാണ്. എല്ലാം അന്വേഷിച്ച് കണ്ടെത്തണം. മുഖ്യമന്ത്രിക്കെതിരെ തുടരന്വേഷണം ഉണ്ടാകും. ഇ.ഡിയുടേത് രാഷ്ട്രീയ നീക്കമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ആര്‍ക്കാണ് 21 കോടി കൊടുത്തതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


