പ്രളയ ദുരന്തത്തിൽപ്പെട്ടവരെ സഹായിച്ചു കൊണ്ട് നടൻ ടൊവിനോ മാതൃകയായിരുന്നു. അതുപോലെ യുവതലമുറയ്ക്ക് വലിയൊരു മാതൃകയാവുകയാണ് നടൻ രാജീവ് പിള്ളയും. സ്വന്തം വിവാഹം പോലും മാറ്റി വച്ചിട്ടാണ് രാജീവ് രക്ഷാപ്രവർത്തനത്തിന് മുൻനിരയിലുണ്ടായിരുന്നത്.
നാല് ദിവസം മുമ്പായിരുന്നു ആലുവ സ്വദേശി അജിതയുമായി രാജീവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എൻജിനീയറിംഗ് ബിരുദധാരിയാണ് അജിത. എന്നാൽ തിരുവല്ലയിലെ നന്നൂരിലെ സ്വന്തം നാട്ടുകാർ പ്രളയത്തിൽ അകപ്പെട്ടതോടെ വിവാഹം തന്നെ മാറ്റിവെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് ദിവസമായി വെള്ളത്തിൽ തന്നെയായിരുന്നുവെന്ന് രാജീവ് പറയുന്നു. ബോട്ടിനൊന്നും കാത്ത്നിൽക്കാതെ കൈയ്യിൽ കിട്ടതൊക്കെ ഉപയോഗിച്ച് ചങ്ങാടമുണ്ടാക്കി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നുവെന്ന് രാജീവ് പറഞ്ഞു. രാജീവിന്റെ വീടിന്റെ 500 മീറ്ററിനടുത്തുവരെ വെള്ളം കയറിയിരുന്നു.
ആരായാലും ഇങ്ങനെയൊക്കെയേ ചെയ്യുകയുള്ളൂവെന്നും ഇത് ഹീറോയിസമല്ല കടമയാണെന്നും രാജീവ് പിള്ള പറയുന്നു. ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ രാജീവിനും കൂട്ടർക്കും സഹായം നൽകിയിട്ടുണഇ്ട്. ക്യാംപിലേക്ക് വേണ്ട മരുന്നും മറ്റ് വസ്തുക്കളും ഇർഫാൻ കൊടുത്തയച്ചിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് രാജീവിന്റെ വിവാഹം തീരുമാനിച്ചത്. അടുത്ത മാസത്തിലേക്കാണ് വിവാഹം മാറ്റിയത്. വളരെ സ്വകാര്യമായിരിക്കും ചടങ്ങുകൾ.


