തിരുവനന്തപുരം: ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നത് പാര്‍ട്ടി സെക്രട്ടറിയെ പോലയാണെന്നും ചെന്നിത്തല പറയുന്നു. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു.
ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ് രാഷ്ട്രീയത്തിന്റെ കുഴല്‍ക്കണ്ണാടിയിലൂടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. സ്ത്രീകളെ നിയമപരമായി കസ്റ്റഡിയിലെടുക്കുമ്പോഴുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊന്നും പൊലീസ് പിന്തുടര്‍ന്നിട്ടില്ലെന്നും മൊഴിയെടുക്കാനെന്ന വ്യാജേനെ പെണ്‍കുട്ടികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പെണ്‍കുട്ടികള്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജന്‍ പ്രധാനമന്ത്രി മോദിക്കു പഠിക്കുകയാണെന്നും സര്‍ക്കാര്‍ പൂര്‍ണമായും പാര്‍ട്ടി നിയന്ത്രണത്തിലാണ് മുന്നോട്ടു പോകുന്നതെന്നും രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. സ്ത്രീ സുരക്ഷയുടെയും ദലിത് സംരക്ഷത്തിന്റെയും പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കി ഭരണത്തിലേറിയ പിണറായിയും സംഘവും ഇപ്പോള്‍ സ്ത്രീകളെയും ദളിതരെയും അടിച്ചമര്‍ത്താന്‍ ഭരണത്തെ ഉപയോഗിക്കുകയാണെന്നും സംസ്ഥാനത്ത് പാര്‍ട്ടി ഭരണമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഇത് കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.