കൊച്ചി: ഫസല്‍ വധക്കേസിലെ പ്രതിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേയ്ക്ക് ജനവിധി തേടുകയും ചെയ്യുന്ന സിപിഎം നേതാവ് കാരായി രാജന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍. വാട്ട്‌സ് ആപ്പിലൂടെയാണ് രഞ്ജി പണിക്കര്‍ കാരായി രാജന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത്. ഫസല്‍ വധക്കേസിലെ പ്രതിയായ കാരായി രാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിയ്ക്കാന്‍ വിലക്കുള്ള സാഹചര്യത്തിലാണ് രഞ്ജി പണിയ്ക്കരും വാട്ട്‌സ് ആപ്പിലൂടെ കാരായിയ്ക്ക് വേണ്ടി വോട്ട് തേടുന്നത്. പാട്യം ഡിവിഷനില്‍ നിന്നാണ് കാരായി രാജന്‍ ജില്ലാ പഞ്ചായത്തിലേയ്ക്ക് ജനവിധി തേടുന്നത്.സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ വാക്കുകള്‍ കടമെടുത്താല്‍ ‘ജനങ്ങളുടെ കോടതിയില്‍ ജനവിധി തേടുന്ന’ ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ പ്രചാരണത്തിന് സ്ഥാനാര്‍ഥികളുടെ അഭാവത്തിലും ചൂടേറുന്നു.
ഗൃഹസന്ദര്‍ശനങ്ങളുമായി മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയാണ് പ്രചാരണത്തിനത്തെുന്നത്. നവമാധ്യമങ്ങളിലും പ്രചാരണച്ചൂടിന് ഒട്ടും കുറവില്ല. ജില്ലയില്‍ പ്രവേശം നിഷേധിക്കപ്പെട്ട കാരായി രാജന്‍ വാട്സ് ആപ്പിലൂടെ പ്രചാരണം സജീവമാക്കി. കള്ളക്കേസില്‍ കുടുക്കി നാട് കടത്തിയ അവസ്ഥയാണെന്ന് കാരായി രാജന്‍ പറയുന്നു.
ഫസല്‍ വധക്കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ജില്ല വിട്ടുപോകാന്‍ രാജന് അനുമതിയില്ല. കൊച്ചിയിലാണ് അദ്ദേഹം താമസിയ്ക്കുന്നത്. കാരായി രാജന്‍ തന്റെ സുഹൃത്തും സഖാവുമാണെന്ന് പരിചയപ്പെടുത്തിയാണ് രഞ്ജി പണിക്കര്‍ വോട്ട് അഭ്യര്‍ത്ഥിച്ചത്. സ്വന്തം സമ്മതിദായകരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിയ്ക്കാന്‍ സാധിയ്ക്കാതെ പോയ സ്ഥാനാര്‍ത്ഥി എന്ന കാര്യം മനസിലാക്കി കാരായിയെ വിജയിപ്പിയ്ക്കണമെന്നും രഞ്ജി പണിക്കര്‍ അഭ്യര്‍ത്ഥിച്ചു. നിലവിലുള്ള നിയമപ്രകാരം മത്സരിയ്ക്കാനുള്ള അര്‍ഹതയും യോഗ്യതയ്ക്കും കാരായി രാജനുണ്ടെന്നും നിയമത്തിന് മുന്നില്‍ അദ്ദേഹം കുറ്റവാളിയാണെന്ന് ഇതുവരെ തെളിയ്ക്കപ്പെട്ടിട്ടില്ലെന്നും രഞ്ജി പണിക്കര്‍ പറയുന്നു.
നീതിനിഷേധത്തിനെതിരെ ജനവിധി തേടുന്നതിനാല്‍ കാരായിമാരുടെ പ്രചാരണത്തിന് ലോയേഴ്സ് യൂനിയന്‍ ഭാരവാഹികളുമിറങ്ങി. അതിനിടെ, ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കാരായിമാര്‍ തിങ്കളാഴ്ച എറണാകുളത്തെ സി.ബി.ഐ പ്രത്യേക കോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. എം.കെ. ദാമോദരന്‍ മുഖേനയാണ് കോടതിയെ സമീപിക്കുക. ജയിച്ചാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കാരായി രാജനെയും തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കാരായി ചന്ദ്രശേഖരനെയും അവരോധിക്കാനാണ് സി.പി.എം ധാരണ.