ആറുവയസുകാരിയെ മേശയില്‍ കെട്ടിയിട്ട് കൂട്ടബലാത്സംഗം; ക്രൂരത ഇന്ത്യയില്‍

സര്‍ക്കാര്‍ സ്‌കൂളില്‍വെച്ച് രണ്ടാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ബാരാമര്‍ ജില്ലയില്‍നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. സംഭവത്തില്‍ സ്‌കൂളിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇരുവരും സ്‌കൂളില്‍ സ്വീപ്പിങ് ജോലി ചെയ്തുവരുന്നവരാമെന്ന് പോലീസ് പറഞ്ഞു. ആറുവയസുമാത്രമുള്ള പെണ്‍കുട്ടിയെ ടോയ്‌ലറ്റിനടുത്തുള്ള ക്ലാസ് റൂമിലെ മേശയില്‍ കെട്ടിയിട്ടശേഷമാണ് ബലാത്സംഗം ചെയ്തതെന്നാണ് കുട്ടിയുടെ പിതാവിന്റെ പരാതി. സംഭവത്തില്‍ ബാലത്സംഗത്തിനും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്‌സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി ബാരാമര്‍ ജില്ലാ പോലീസ് ഓഫീസര്‍ അനിത റാണി പറഞ്ഞു. സ്വകാര്യഭാഗത്ത് കടുത്ത വേദനയുണ്ടെന്ന് കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ ഉടന്‍ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാരാണ് ലൈംഗിക പീഡനത്തിനിരയായതായി സംശയം പ്രകടിപ്പിച്ചത്. പിന്നീട് കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനവിവരം പുറത്തുപറയുകയായിരുന്നു. പോലീസ് സൂപ്രണ്ടും ജില്ലാ കളക്ടറും സ്‌കൂളിലെത്തി അധികൃതരെ ചോദ്യം ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഇവര്‍ രക്ഷിതാക്കളെ അറിയിച്ചു.

Top