പാലക്കാട്: ലൈംഗികാതിക്രമ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി തെരച്ചില്‍ തുടരുന്നു. സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിലാണ് രാഹുല്‍ കടന്നുകളഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുസംബന്ധിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്.അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ പോയ സമയത്ത് രാഹുല്‍ പാലക്കാട് കണ്ണാടിയില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.
പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറില്‍ കയറിപ്പോകുകയായിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ഇതേ കാര്‍ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്ന് വിവരം. ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിയത് മുതല്‍ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകള്‍ പരമാവധി ഒഴിവാക്കിയാണ്. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ കാര്‍ മാത്രം പല വഴിയ്ക്ക് സഞ്ചരിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയില്‍ രാഹുലിന്റെ റൂട്ട് അവ്യക്തം. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരും. ഉച്ചയോടെ രാഹുല്‍ പോയ വഴി കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാഹുലിനെ കണ്ടെത്താന്‍ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും.


