തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി കേരള റെഡ്ക്രോസ് സൊസൈറ്റി 25 കോടിയുടെ സഹായം നല്‍കി. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ്ക്രോസിന്റെയും ഇന്ത്യാ റെഡ്ക്രോസിന്റെയും സഹായത്തോടെയാണ് ഈ സഹായങ്ങള്‍ വിതരണം ചെയ്തതെന്ന് കേരള റെഡ്ക്രോസ് സൊസൈറ്റി പ്രസിഡന്റ് സുനില്‍ സി. കുര്യന്‍ പറഞ്ഞു.
ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിന് റെയില്‍, റോഡ് എന്നിവയ്ക്ക് പുറമേ ഹെലികോപ്റ്റര്‍ വഴിയും കോട്ടയം ഇടുക്കി ആലുവ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചിരുന്നു. പ്രളയത്തില്‍ രക്ഷപെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടിയുള്ള ശ്രമകരമായ ജോലിയാണ് ഇപ്പോള്‍ റെഡ്ക്രോസ് ഏറ്റെടുത്തിരിക്കുന്നത്. വീടുകളിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ശുചീകരണപ്രവര്‍ത്തനത്തിന് സഹായത്തിന് പുറമേ ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ പാത്രങ്ങള്‍, പായ, കൊതുകുവല എന്നിവയും നല്‍കുന്നുണ്ട്. ഇതിനുംപുറമേ ശുദ്ധജലവിതരണത്തിനായി കുട്ടനാട്, തിരുവാര്‍പ്പ് എന്നീ സ്ഥലങ്ങളിലേക്ക് ആദ്യഘട്ടമെന്ന നിലയില്‍ മൂന്ന് വാട്ടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ മുന്നോടിയായി കിണറുകള്‍ ശുദ്ധീകരിക്കുന്നതിനായി ഈ രംഗത്ത് പരിചയസമ്പത്തുള്ള ഒരുസംഘം വിദഗ്ധര്‍ അടുത്തയാഴ്ച്ച ശ്രീലങ്കയില്‍ നിന്ന് എത്തുന്നുണ്ട്. അവരുടെ സഹായത്തോടുകൂടി കുട്ടനാട്ടിലും മറ്റ് പ്രദേശങ്ങളിലുമുള്ള കിണറുകള്‍ ശുദ്ധീകരിക്കുന്നതിനായി റെഡ്ക്രോസ് മുന്നിട്ടിറങ്ങുമെന്ന് സെക്രട്ടറി ചെമ്പഴന്തി അനില്‍ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുവേണ്ടി മൊബൈല്‍ ക്ലിനിക്കുകള്‍ വ്യാപകമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്. ഇതിന് പുറമേ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനാവശ്യമായ വിപുലമായ പദ്ധതികള്‍ അടുത്തയാഴ്ച്ച ആരംഭിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നയിടങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്.
ഇതിനുപുറമേ ഇടുക്കി ജില്ലയിലെ ഏതെങ്കിലും ഒരുഗ്രാമം റെഡ്ക്രോസ് ദത്തെടുത്ത് പുനരധിവാസം ഊര്‍ജ്ജിതമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് വിപുലമായ ദുരിതാശ്വാസപദ്ധതികള്‍ക്ക് രൂപംകൊടുക്കുന്നതിന് അന്താരാഷ്ട്ര തലത്തിലുള്ള റെഡ്ക്രോസ് നേതൃത്വവുമായി ആലോചിച്ച് വരികയാണെന്നും റെഡ്ക്രോസ് ഭാരവാഹികള്‍ പറഞ്ഞു.