മലയാള സിനിമയിലെ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവമായിരുന്നു ഡബ്ല്യുസിസിയുടെ പത്രസമ്മേളനം. പല തരം വെളിപ്പെടുത്തലും നടന്ന വേദിയായിരുന്നു അത്. ഇത്തരത്തില്‍ ഒന്നായിരുന്നു രേവതി വെളിപ്പെടുത്തിയ ദുരനുഭവം. പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കേണ്ട വെളിപ്പെടുത്തലാണ് രേവതി നടത്തിയത്.
17 വയസുള്ള ഒരു ബാലിക ആക്രമണത്തില്‍ നിന്നു രക്ഷതേടി തന്റെ മുറിയില്‍ മുട്ടിവിളിച്ചതായാണ് രേവതി പറഞ്ഞത്. ബാലികയുടെ അനുവാദം ഇല്ലാത്തതിനാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ലെന്ന് രേവതി പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പാണ് സംഭവമെന്ന് രേവതി പറഞ്ഞു. രേവതിയില്‍ നിന്ന് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ആരായാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചു.
”17 വയസുള്ള ഒരു പെണ്‍കുട്ടി, പതിനൊന്ന് പതിനൊന്നര മണിക്ക് എന്റെ ഡോറില്‍ വന്നു മുട്ടിയിട്ട് ചേച്ചീ എന്നെ രക്ഷിക്കൂ എന്നു പറഞ്ഞൊരു സംഭവം എന്റെ ഉള്ളിലുണ്ട്. അതിനി സംഭവിക്കാന്‍ പാടില്ല. അത് ആര്‍ക്കും സംഭവിക്കാന്‍ പാടില്ല”- എന്നാണ് രേവതി പറഞ്ഞത്.
17 വയസുള്ള പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവം വെളിപ്പെടുത്തിയ സ്ഥിതിക്ക് രേവതിയില്‍ നിന്ന് മൊഴിയെടുത്ത് പൊലീസ് കേസെടുക്കുകയാണ് അടുത്ത നടപടിക്രമം. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ ലൈംഗികാതിക്രമം നേരിട്ട വിവരം മറച്ചു വയ്ക്കുന്നത് ആറുമാസംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പൊലീസിനോട് ആവശ്യമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും രേവതി ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു