ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം വീണ്ടും ഉയരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ഇതിനെതിരെ വീണ്ടും രംഗത്തചു വന്നിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത പുറത്തുവിടാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്ന വെല്ലുവിളിയുടെ സ്വരമാണ് ഉയര്‍ന്നിരിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരം പുറത്തുവിടാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കേജ്രിവാള്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് കത്ത് അയച്ചു. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ എം ശ്രീധര്‍ ആചാര്യലുവിന് അയച്ച കത്തില്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്മീഷന്‍ ധൈര്യം കാട്ടണമെന്നും കേജ്രിവാള്‍ ആവശ്യപ്പെട്ടു.
2014ലെ ദേശീയ തിരഞ്ഞെടുപ്പിനിടെ ദില്ലി സര്‍വകലാശാലയില്‍ നിന്നും ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും ഉണ്ടെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. നരേന്ദ്ര മോദിക്ക് യഥാര്‍ത്ഥത്തില്‍ ഡിഗ്രിയില്ലെന്ന ആരോപണമുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്ക് ഇതിലെ സത്യമറിയാന്‍ താല്‍പര്യമുണ്ടാകും.
എന്നെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്. മോദിയെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ നിങ്ങളും തയ്യാറാകണമെന്നും കേജ്രിവാള്‍ ആവശ്യപ്പെട്ടു. മോദിയുടെ വിദ്യാഭ്യാസ യോഗ്യത മറച്ചുവക്കാന്‍ കമ്മീഷന്‍ എന്തിനാണ് താല്‍പര്യപ്പെടുന്നതെന്ന് കെജ്രിവാള്‍ ചോദിച്ചു.