കുടിയന്‍മാര്‍ക്ക് സന്തോഷവാര്‍ത്ത; വ്യാജ ബിയറും ബ്രാന്‍ഡുമൊക്കൊ പൊക്കാന്‍ സിങ്കം ഇറങ്ങുന്നു

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റ ഋഷിരാജ് സിങ് ലഹരിമാഫിയയേയും വ്യാജന്‍മാരെയും പൂട്ടാന്‍ കളത്തിലിറങ്ങുന്നു. ഒരു സ്വാധീനത്തിനും വഴങ്ങാത്ത ഋഷിരാജ് സിങ് ചുമതലയേറ്റതോടെ പല ബാറുമുതലാളിമാരുടെയും ചങ്കിടിപ്പ് ഇരട്ടിയായിരിക്കുകയാണ്. ബാറ് പൂട്ടിയതിനു ശേഷം പലരും പിടിച്ചു നില്‍ക്കുന്ന വ്യാജ ബിയറിലൂടെയാണ്.

സിങ്കം വ്യാജ ബിയറും മദ്യവുമെല്ലാം പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. വ്യാജ ബിയറുകളും സര്‍ക്കാര്‍ സ്റ്റോറുകള്‍ വഴി വില്‍പ്പന നടത്തുന്ന വ്യാജനുമെല്ലാം ഇനി ഋഷിരാജ് സിങ് പൊക്കുമെന്നുറപ്പാണ്. ജനകിയമാ പല മദ്യ ബ്രാന്‍ഡുകളും സര്‍ക്കാര്‍ ഡിപ്പോവഴിയും സുലഭമായി വ്യാജന്‍ വിറ്റഴിയുന്നുണ്ടെന്ന് കുറേ കാലമായുള്ള പരാതിയാണ്.

ചുമതലയേറ്റതിനു പിന്നാലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ബിയര്‍ വൈന്‍ പാര്‍ലറില്‍ വിദേശമദ്യ വില്‍പ്പന കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. രണ്ടാമതൊന്നാലോചിക്കാതെ ഇതു പൂട്ടിക്കുകയും ചെയ്തു. പഴക്കമുള്ള കള്ള് വിതരണം ചെയ്തതിന് കള്ളുഷാപ്പും എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പൂട്ടിച്ചു. വിദേശമദ്യവില്‍പന കണ്ടത്തെിയതിനെതുടര്‍ന്ന് തിരുവല്ലം പാച്ചല്ലൂരിലെ അര്‍ച്ചന റോയല്‍ പാര്‍ക്കാണ് അടച്ചുപൂട്ടിയത്.

ലഹരി കടത്തല്‍ തടയാനും ഉപഭോഗം കുറയ്ക്കാനുമായി വിവിധ പദ്ധതികളാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുന്നത്. വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ശതമാനം കമ്മീഷന്‍ നല്‍കുമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ് സിങ്കം. മദ്യദുരന്തം ഒരിക്കലും ഉണ്ടാകരുതെന്ന ദൃഢനിശ്ചയത്തോടെയാണു പ്രവര്‍ത്തനം. ലഹരിമരുന്നുകളുടെ വ്യാപനം തടയാനും ലഹരിപാനീയങ്ങള്‍ വില്‍ക്കുന്ന ബാറുകള്‍,ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ ലൈന്‍സോടെ മാത്രം പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്താനും കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്നത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പിരിറ്റു കടത്തല്‍ തടയാന്‍ രഹസ്യാന്വേഷണം ശക്തമാക്കും. ചെക്ക് പോസ്റ്റുകളില്‍ സ്‌കാനര്‍ സംവിധാനം നടപ്പില്‍ വരുത്തും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. സ്‌കൂളിലും കോളേജുകളിലും പരാതിപ്പെട്ടി സ്ഥാപിക്കും. എക്‌സൈസിനോട് പരാതി പറയാനുള്ള 9447178000 നമ്പര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. നേരിട്ടു പറയാന്‍ ബുദ്ധിമുട്ടുള്ളവര്‍ വാട്‌സ്ആപ്പിലൂടെയോ ഫോണിലൂടെയോ പരാതികള്‍ അറിയിക്കാനും ഋഷിരാജ് സിങ് നിര്‍ദ്ദേശിക്കുന്നു.

Top