മദ്രസ അദ്ധ്യാപകന്റെ കൊല: വര്‍ഗ്ഗീയ കലാപത്തിനുള്ള ശ്രമമെന്ന് സംശയം; പൊലിഞ്ഞത് കുടുംബത്തിന്റെ ആശ്രയമായിരുന്ന സൗമ്യനായ അദ്ധ്യാപകന്റെ ജീവന്‍

കാസര്‍ഗോഡ്: ചൂരിയില്‍ മദ്രസ അദ്ധ്യാപകന്‍ കുടക് കൊട്ടമുടി സ്വദേശി മുഹമ്മദ് റിയാസി (30)നെ വെട്ടികൊലപ്പെടുത്തിയത് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണെന്ന് സൂചന. റിയാസിന്റെ മൃതദേഹത്തില്‍ 28 മുറിവുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം ആഴത്തിലുള്ളതാണ്. ഒരാള്‍ തന്നെയായിരിക്കണം കൊല നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കുടകിലെ ടി.എ. സുലൈമാന്റേയും പരേതയായ ഹലീമയുടേയും മകനായ റിയാസ് ഉപജീവനത്തിനു വേണ്ടിയായിരുന്നു ഏഴുവര്‍ഷം മുമ്പ് കാസര്‍ഗോഡ് എത്തിയത്. മഡിക്കേരിക്കടുത്ത ഉദ്ദാവാഡ് ഗ്രാമത്തിലെ നിര്‍ദ്ധന കുടുംബത്തിലെ നെടുംതൂണായിരുന്നു കാസര്‍ഗോഡ് പഴയ ചൂരി മൊഹിയുദ്ദീന്‍ ജമാഅത്ത് പള്ളിക്ക് കീഴിലെ മദ്രസാ അദ്ധ്യാപകന്‍ റിയാസ് മൗലവി.

രാവിലെ മുതല്‍ ഉച്ചവരെ പള്ളി മദ്രസയില്‍ അദ്ധ്യാപനത്തിനു ശേഷം മുറിയില്‍ വിശ്രമിക്കുകയും പള്ളിയില്‍ ബാങ്ക് കൊടുക്കാനുമായിരുന്നു ഇയാള്‍ മറ്റ് സമയം വിനിയോഗിച്ചിരുന്നത്. പൊതുവേ സൗമ്യ പ്രകൃതക്കാരാനായിരുന്നു. അതുകൊണ്ടു തന്നെ ഇയാള്‍ക്ക് ശത്രുക്കളായി ആരും തന്നെ ഇല്ലായിരുന്നു. പള്ളിക്ക് പുറത്ത് പോയാല്‍ പോലും നേരത്തെ തന്നെ താമസിക്കുന്ന മുറിയില്‍ എത്തുന്ന ശീലമായിരുന്നു റിയാസിന്. ഭാര്യ സായിദയും ഒരു വയസ്സുള്ള മകള്‍ ഷബീബയും അടങ്ങുന്നതായിരുന്നു റിയാസിന്റെ കുടുംബം. ഇവരെല്ലാം കുടകില്‍ തന്നെയാണ് കഴിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിയാസ് മൗലവിക്ക് നേരെ അക്രമത്തിനുള്ള ഒരു കാരണവും പ്രത്യക്ഷത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണാനാവുന്നില്ല. സാമുദായികമായിപ്പോലും ഇങ്ങനെയുള്ള ഒരാളെ നേരിട്ടു ചെന്ന് കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ സാധ്യതയില്ലാത്ത നിലയിലാണ് കാര്യങ്ങള്‍. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ശരീരത്തില്‍ ആകെ 28 വെട്ടുകളാണ് ഏറ്റിട്ടുള്ളത്. ഇതില്‍ മൂന്നെണ്ണം മാരകമാണ്. നെഞ്ചത്തുള്ള രണ്ടുവെട്ടുകളും തലയുടെ ഇടതു വശത്തുള്ള വെട്ടുമാണ് ഏറെ മാരകമായത്. ഇതാണ് മരണകാരണവും. ഒരേ രീതിയിലുള്ള ആയുധങ്ങളാണ് ആക്രമിക്കാന്‍ ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം. ഒരാള്‍ തന്നെ ആയുധമെടുത്ത് പ്രയോഗിച്ചിരിക്കാനാണ് സാധ്യതയെന്നും പൊലീസ് കരുതുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ചൂരി മേഖല ശാന്തമായിരുന്നു. അതിനു മുമ്പ് ഈ പ്രദേശം സാമുദായിക കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയാണ് പതിവ്. റിയാസ് മൗലവി കൊല്ലപ്പെടാന്‍ കാരണം മറ്റെന്തോ ആണെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒരു പക്ഷേ ഈ മേഖലയില്‍ ബോധപൂര്‍വ്വമുള്ള വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഈ കൊലയെന്നും സംശയിക്കുന്നു. ഏതായാലും പൊലീസ് ഈ കൊലപാതകത്തിലെ ദുരൂഹതകള്‍ മാറ്റുമെന്ന നിലപാടില്‍ ഉറച്ചിരിക്കയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചില സൂചനകള്‍ ലഭിച്ചതായാണ് അറിവ്. അതുകൊണ്ടു തന്നെ പ്രതികള്‍ ഉടന്‍ പിടിയിലാകും എന്ന വിശ്വാസത്തിലാണ് പൊലീസ് അധികാരികള്‍.

ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത റിയാസ് മൗലവിയുടെ മൃതദേഹം ഇരിട്ടി വഴി സ്വദേശമായ കുടകിലെ കൊട്ടമുറിയിലേക്ക് കൊണ്ടു പോയി. ആസാദ് നഗര്‍ ജമാമസ്ജിദ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കുടകിലെ ഗ്രാമങ്ങളില്‍ നിന്നും കാസര്‍ഗോഡു നിന്നുമായി ആയിരങ്ങള്‍ അന്തിമാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആസാദ് നഗര്‍ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു റിയാസ് മൗലവി. കൊല്ലപ്പെട്ട വാര്‍ത്ത അറിഞ്ഞതു മുതല്‍ കുടകിലെ വീട്ടില്‍ വന്‍ ജനപ്രവാഹമായിരുന്നു. കുടക് പൊലീസ് സംരക്ഷണത്തിലായിരുന്നു ജനങ്ങളെ നിയന്ത്രിച്ചത്.

കാസര്‍ഗോഡ് നഗരത്തില്‍ ജനങ്ങള്‍ ഇന്നും കാര്യമായി ഇറങ്ങിയിട്ടില്ല. വാഹനങ്ങളും കുറവാണ്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് എല്ലാ പ്രധാന കേന്ദ്രങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്.

Top