കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. തമിഴ്നാട്ടുകാരടങ്ങുന്ന പത്തംഗസംഘമാണ് വാതില്‍ കുത്തിപ്പൊളിച്ച് വീടിനുള്ളില്‍ കടന്ന് കവര്‍ച്ച നടത്തിയത്. പുലര്‍ച്ചെ രണ്ടരമണിയോടെയായിരുന്നു സംഭവം. അന്‍പതു പവന്‍ സ്വര്‍ണവും 20,000 രൂപയുമടക്കമുള്ള വസ്തുവകകള്‍ കവര്‍ന്നു.
ഹില്‍പാലസിനടുത്ത് അനന്തകുമാര്‍ എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. വീട്ടുകാരെ മര്‍ദിച്ചും കെട്ടിയിട്ടുമായിരുന്നു മോഷണം. ആക്രമണത്തില്‍ തലയ്ക്ക് അടിയേറ്റ് ഗൃഹനാഥനു ഗുരുതരമായി പരുക്കേറ്റു. കുടുംബാംഗങ്ങളെയും പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രെഡിറ്റ് കാര്‍ഡുകളും പണവും മോഷ്ടിച്ചിട്ടുണ്ട്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്.
അനന്തകുമാറും ഭാര്യയും രണ്ട് കുട്ടികളുമാണ് വീട്ടില്‍ താമസം. ഇന്ന് നേരം പുലര്‍ന്ന ശേഷമാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ പരിക്കേറ്റ വീട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് മൂന്നുദിവസത്തിനിടെ നടക്കുന്ന മൂന്നാം കവര്‍ച്ചയാണിത്. കാസര്‍കോട് ചീമേനിയിലായിരുന്നു രണ്ടു ദിവസം മുന്‍പത്തെ കവര്‍ച്ച. അവിടെ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നശേഷമായിരുന്നു മോഷണം നടത്തിയത്. അതേസമയം, കൊച്ചി പുല്ലേപ്പടിയില്‍ ഇന്നലെ പുലര്‍ച്ചെയാണ് മോഷണം നടന്നത്. വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവരുകയായിരുന്നു.