തൃശൂര്‍: പ്രവാസി വ്യവസായി വടക്കേക്കാട് തടാകം കുഞ്ഞുമുഹമ്മദിന്റെ വീടു കുത്തിപ്പൊളിച്ച് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും രത്‌നാഭരണങ്ങളും കവര്‍ച്ച ചെയ്ത സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. നേപ്പാള്‍ സ്വദേശികളായ അഞ്ചുപ്രതികളില്‍ രണ്ടുപേരെ നേപ്പാളിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കേസിലെ നാലും അഞ്ചും പ്രതികളായ നേപ്പാള്‍ മഹേന്ദ്രനഗര്‍ സ്വദേശികളായ കഞ്ചന്‍പൂര്‍ ഗുലേറിയ ശാന്തി ടോളില്‍ ലീലാധര്‍ ഓജ(32), കഞ്ചന്‍പുര്‍ കൃഷ്ണപൂര്‍ സ്വദേശി ദീപക് ഭണ്ഡാരി(37) എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതി കൊയിലാളി അഠാരി വില്ലേജില്‍ ഗോവിന്ദ് ഖത്രി(28),രണ്ടാം പ്രതി മസൂറിയ ഭണ്ഡാരി സ്വദേശി ചുഡ്കി(35),മൂന്നാം പ്രതി കൊയിലാളി അഠാരി വില്ലേജില്‍ രാംബഹദൂര്‍(25) എന്നിവരെയാണു പിടികൂടാനുള്ളത്.ഡിവൈ.എസ.്പി. കെ.കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നേപ്പാള്‍ പോലീസിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേപ്പാളിലെ മഹേന്ദ്ര നഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ യോഗേന്ദ്ര താപ്പയുടെ നേതൃത്വത്തിലാണ് പ്രതികളെ ഒക്‌ടോബര്‍ 27ന് അറസ്റ്റ് ചെയ്തത്. ഒന്നും രണ്ടും പ്രതികള്‍ ഉടന്‍തന്നെ പിടിയിലാകുമെന്നു റൂറല്‍ എസ്.പി കെ. കാര്‍ത്തിക് പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രതികളെ കൈമാറുന്നതിന് ഇന്ത്യനേപ്പാള്‍ ഉടമ്പടി ഇല്ലാത്തതിനാല്‍ ഇവരുടെ കൈമാറ്റത്തില്‍ അനിശ്ചിതത്വം നേരിട്ടിരിക്കുകയാണ.് നേപ്പാള്‍ പോലീസ് കസ്റ്റഡിയിലാണ് പ്രതികളിപ്പോള്‍.
സെപ്തംബര്‍ 23നു രാത്രിയിലാണ് പൂട്ടിക്കിടന്ന വീടിന്റെ പുറകുവശത്തെ വാതിലുകള്‍ പൊളിച്ചു കവര്‍ച്ച നടത്തിയത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം, രത്‌നം പതിച്ച വാച്ച് എന്നിവ ഉള്‍പ്പടെ അഞ്ഞൂറു പവനാണ് മോഷണം പോയത്. വീട്ടുകാരെല്ലാവരും 19ാം തീയതി വിദേശത്തേക്ക് പോയിരുന്നു.
സംഭവത്തെക്കുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ: മോഷണം നടന്ന വീട്ടിലെ കാവല്‍ക്കാരനായ നേപ്പാള്‍ സ്വദേശി നാന്‍സിങ്ങിനെ ചോദ്യം ചെയ്തതിലൂടെയാണു പ്രതികളെപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചത്. തൊട്ടടുത്ത കല്യാണ ഓഡിറ്റോറിയത്തിലെ കാര്‍പാര്‍ക്കിങ്ങില്‍വച്ചാണ് പ്രതി ദീപക് ഭണ്ഡാരിയുമായി നാന്‍സിങ് പരിചയപ്പെടുന്നത്. തുടര്‍ന്ന് വീട്ടിലുള്ളവര്‍ വിദേശത്താണ് എന്ന് മനസിലാക്കുകയായിരുന്നു.
23ന് ദീപക് വീട്ടിലെത്തുകയും മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നാന്‍സിങ്ങിനു നല്‍കിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഭാര്യക്ക് സുഖമില്ല എന്ന് പറഞ്ഞ് ദീപക് 27ാംതീയതി നേപ്പാളിലേക്കു പോയെന്നു മനസിലായി. കൂടാതെ ഇയാളുടെ കൂട്ടുകാരനും കുന്നംകുളം ചിറയ്ക്കല്‍ സ്‌കൂളിലെ വാച്ച്മാനുമായ നേപ്പാള്‍ സ്വദേശി ലളിതും കുടുംബത്തോടൊപ്പം നേപ്പാളിലേക്ക് പോയതയി കണ്ടെത്തി.
കവര്‍ച്ചാസംഘത്തിലെ മൂന്നുപേര്‍ ഇയാളുടെ വീട്ടില്‍ ഒരുമാസമായി താമസിച്ചിരുന്നെന്നും തുടരന്വേഷണത്തില്‍ വ്യക്തമായി.
സംഭവശേഷം അവരും നേപ്പാളിലേക്ക് പോയതായി തെളിഞ്ഞു. പ്രതികള്‍ നേപ്പാളിലെ കുപ്രസിദ്ധ കവര്‍ച്ചാസംഘമാണെന്നും ഇവര്‍ക്കെതിരേ പലസ്ഥലങ്ങളിലും അറസ്റ്റ് വാറന്റ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
നാലാം പ്രതിയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് കളവുമുതല്‍ വിറ്റു വാങ്ങിയ ഒന്നര ലക്ഷം രൂപ വിലയുള്ള മോട്ടോര്‍ സൈക്കിള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ കവര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ച ബജാജ് സി.ടി.100 ബൈക്ക് ചിറക്കലില്‍നിന്നു കണ്ടെത്തി. അതേസമയം പ്രധാനപ്രതികളെ പിടികൂടാന്‍ സാധിക്കാത്തതിനാല്‍ മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെത്താനായിട്ടില്ല.
പത്തുദിവസം കൊണ്ടാണു തെളിവുകള്‍ പൂര്‍ണമായും ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞത്. കുന്നംകുളം ഡിവൈ.എസ്.പി: കെ.കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം ഏറ്റെടുത്തത്.
അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്കു നീണ്ടപ്പോഴാണ് മേഖലയില്‍ മുമ്പു ജോലി ചെയ്തിരുന്ന നേപ്പാളികളായ രണ്ടുപേരുടെ നേതൃത്വത്തിലാണ് മോഷണത്തിന്റെ ആസൂത്രണം നടന്നതെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. ചാവക്കാട് സി.ഐ. കെ.ജെ. ജോണ്‍സണ്‍, എസ്.ഐമാരായ എം.കെ. രമേഷ്, റെനീഷ്, എം.പി. മുഹമ്മദ് റാഫി, എ.എസ്.ഐമാരായ കെ.എ. മുഹമ്മദ് അഷ്‌റഫ്, സി.പി.ഒമാരായ സുനില്‍, എം.സുരേന്ദ്രന്‍, ഹബീബ്, സുദേവ്, ലിജു, സൂരജ് വി ദേവ്, കെ.മനോജ് കുമാര്‍, എ.കെ. ജിജോ, മനോജ് സരിന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
കാവല്‍ക്കാരന്‍ കള്ളനായി
തൃശൂര്‍: കാവല്‍ക്കാരായി ജോലിയ്ക്കു ചേരുകയും പിന്നീടു ജോലി ചെയ്യുന്ന പ്രദേശങ്ങളില്‍ കവര്‍ച്ച നടത്തുകയുമായിരുന്നു പ്രതികളുടെ രീതി. കവര്‍ച്ചാക്കേസിലെ നാലാം പ്രതി ലീലാധര്‍ ഓജ കുന്നംകുളം ചിറക്കല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
രണ്ടുവര്‍ഷമായി ടി.എം.കെ. ഓഡിറ്റോറിയത്തിലെ ക്ലീനറായും സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്യുകയായിരുന്നു കേസിലെ അഞ്ചാം പ്രതി ദീപക് ഭണ്ഡാരി. സാധാരണയായി വിദേശികള്‍ ഇന്ത്യയിലെത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ ഉടമ സി ഫോം നിയമപ്രകാരം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന വ്യവസ്ഥ നേപ്പാള്‍ സ്വദേശികള്‍ക്കു ബാധകമല്ല. കവര്‍ച്ച നടത്തിയതിനുശേഷം നേപ്പാളിലേക്ക് പോയാല്‍ ഇന്ത്യന്‍ പോലീസിന് പ്രതികളെ നേപ്പാളില്‍ ചെന്ന് അറസ്റ്റു ചെയ്യാനോ അന്വേഷണം നടത്താനോ സാധ്യമല്ല എന്ന ചട്ടവും അന്വേഷണത്തെ ബാധിച്ചിരുന്നു.
വിരലടയാളവുമായി അന്വേഷണ സംഘം ഇന്ത്യ മുഴുവന്‍
തൃശൂര്‍: വടക്കേക്കാട് കവര്‍ച്ച നടന്ന ദിവസം വീട്ടില്‍നിന്നു ലഭിച്ച 13 വിരലടയാളങ്ങളെ സംബന്ധിച്ച് ഇന്ത്യയിലെ മുഴുവന്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോകളിലും അന്വേഷണം നടത്തിയിരുന്നുവെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. സെപ്റ്റംബര്‍ 23 ന് നടന്ന മോഷണവിവരം 29 ാം തീയതിയാണ് പോലീസ് അറിഞ്ഞത്. മോഷണവിവരം പോലീസ് അറിയാന്‍ വൈകിയതു അന്വേഷണത്തെ സാരമായി ബാധിച്ചു. മോഷണവിവരം പോലീസ് അറിയുമ്പോഴേക്കും പ്രധാന പ്രതികളെല്ലാം രാജ്യം വിട്ടിരുന്നു.


