ആ സമയത്ത് ജഡേജയുടെ മൂക്കിനിടിച്ച് താഴെയിടാന്‍ തോന്നി: രോഹിത് ശര്‍മ്മയുടെ വെളിപ്പെടുത്തല്‍

മുംബൈ: രവീന്ദ്ര ജഡേജയുടെ തമാശ കാരണം പേടിച്ചു പോയ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു സംഭവം. മൂന്നു ടെസ്റ്റ് മല്‍സരം, ആറു ഏകദിനം, മൂന്നു ട്വന്റി ട്വന്റി മല്‍സരങ്ങള്‍ക്കാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോയത്.

മല്‍സരത്തിന്റെ ഇടവേളയില്‍ ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ ഭാര്യമാര്‍ക്കൊപ്പം ജംഗിള്‍ സഫാരിക്ക് പോയി. അവിടെവച്ചുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ‘വാട് ദ ഡക്’ ഷോയില്‍ രോഹിത് ശര്‍മ്മയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും പറഞ്ഞത്.

ജഡേജയുടെ തമാശകാരണം ഞങ്ങളെല്ലാം പേടിച്ചുപോയെന്ന് അജിങ്ക്യ രഹാനെ പഞ്ഞു. ‘വളരെ രസകരമായിരുന്നു സഫാരി. പക്ഷേ ഒരു സമയത്ത് അതെല്ലാം നഷ്ടപ്പെട്ടു. രണ്ടു മൂന്നു ചീറ്റപ്പുലികള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ കാടിന് നടുവിലായിരുന്നു. ഞങ്ങള്‍ക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് അറിയില്ല. ആ സമയത്ത് ഞാനും ഭാര്യ രാധികയും രോഹിത്തും ഭാര്യ റിതികയും ജഡേജയും ഉണ്ടായിരുന്നു. ചീറ്റപ്പുലികള്‍ പെട്ടെന്ന് ഞങ്ങളുടെ നേര്‍ക്ക് തിരിഞ്ഞ് ഞങ്ങളെ തന്നെ നോക്കിനിന്നു. ആ സമയം ശരിക്കും പേടിച്ചുപോയി’ രഹാനെ പറഞ്ഞു.

ചീറ്റപ്പുലികള്‍ തങ്ങളുടെ നേര്‍ക്ക് തിരിയാന്‍ ജഡേജയാണ് കാരണക്കാരനെന്ന് രോഹിത് കുറ്റപ്പെടുത്തി. ‘ജഡേജ വിചിത്രമായ എന്തോ ശബ്ദം ഉണ്ടാക്കിയപ്പോള്‍ അവയുടെ ശ്രദ്ധ ഞങ്ങളുടെ നേര്‍ക്ക് തിരിക്കുകയായിരുന്നു. ജഡേജയുടെ ശബ്ദം കേട്ടപ്പോഴാണ് അവ തിരിഞ്ഞു നോക്കിയത്. നീ എന്താണ് ചെയ്യുന്നത്? നമ്മള്‍ കാടിന് നടുവിലാമെന്ന് ഞങ്ങള്‍ അവനോട് പറഞ്ഞു. ചീറ്റകള്‍ കണ്ടാല്‍ നമ്മളെ അവയുടെ ഇരയാക്കുമെന്ന് പറഞ്ഞു. ഞാന്‍ അവനെ ദേഷ്യത്തോടെ നോക്കി. ആ സമയത്ത് എനിക്കവനെ ഇടിക്കാന്‍ തോന്നി. പക്ഷേ ആ സമയം ശബ്ദമുണ്ടാക്കാതെ നില്‍ക്കേണ്ടത് ആവശ്യമാണെന്ന് എനിക്ക് മനസിലായി. ഇതൊക്കെയാണെങ്കിലും ജീവിതത്തിലെ നല്ലൊരു അനുഭവമായിരുന്നു അതെന്നു’ രോഹിത് പറഞ്ഞു.

Latest
Widgets Magazine