കൊടിയേരിക്ക് എതിരെ ഒളിയമ്പ് എറിഞ്ഞ് CPI നേതാവിന്റെ മകന്‍. കൊടിയേരിയുടെ ചൈന പ്രസ്താവനക്കിട്ടാണ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷിന്റെ കൊട്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തീര്‍ത്തും വ്യക്തിപരമായ അഭിപ്രായം എന്ന രീതിയിലാണ് രൂപേഷ് ചൈനാ പ്രസ്താവനക്കെതിരെ എഴുതുന്നത്. കണ്ണൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകനുമാണ് രൂപേഷ്.
പോസ്റ്റിലെ വിവരണം കൊടിയേരിക്ക് മുന്നറിയിപ്പ് നല്‍കുന്ന രീതിയിലാണ്. അമ്മയെ മറക്കരുത് എന്നും, രാജ്യത്തെ ഒറ്റരുത് എന്നും എടുത്ത് പറയുന്ന പോസ്റ്റില്‍ ചൈനയോയും വിലയിരുത്തുന്നുണ്ട്.
രൂപേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
റഷ്യയും ചൈനയും പിന്നെ ചില നുറുങ്ങു ചിന്തകളും…
ചെറുപ്പക്കാലത്ത് റഷ്യയായിരുന്നു സ്വപ്ന സുന്ദരലോകം….
സോവിയറ്റ് നാടുകളോളം പെരുത്തിഷ്ടം മറ്റൊന്നിനോടുമില്ലായിരുന്നു..
റഷ്യന്‍ നാടോടിക്കഥകളായിരുന്നു ഓര്‍മ്മകളിലിട്ട് താലോലിക്കാന്‍ ഒത്തിരിയൊത്തിരി ഇഷ്ടപ്പെട്ടിരുന്നത്….
മാക്‌സിം ഗോര്‍ക്കിയുടെ
”അമ്മ’ ആയിരുന്നു മനസ്സിനെ കീഴടക്കിയ നോവല്‍…
ഇഷ്ടമായിരുന്നില്ല സ്‌നേഹമായിരുന്നില്ല
പ്രണയമായിരുന്നു റഷ്യയോട്..
വോള്‍ഗ (റഷ്യന്‍ നദി) യുടെ തീരങ്ങളും ഇലപൊഴിച്ച്
നിഴല്‍ വിരിച്ചു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലെ റഷ്യന്‍ ഗ്രാമങ്ങളും
അന്നും ഇന്നും സ്വപ്നങ്ങളിലെ
സ്ഥിരസാന്നിദ്ധ്യം തന്നെ …..
അതിരു മാന്തു (കൈയ്യേറു)ന്ന അയല്‍ക്കാരനായിരുന്നു ചെറുപ്പകാലത്തെ ഓര്‍മ്മകളിലെ
ചൈന ..
ടിയാന്‍മെന്‍ സ്‌ക്വയറിലെ രക്തപങ്കില സമരത്തോടെയായിരുന്നു ചൈന
കാഴ്ചകള്‍ക്ക് മുന്നില്‍ മിഴി തുറന്നത്-..
പിന്നീട് ചൈനയായിരുന്നു ലോകം..
ലോകത്തിനു വേണ്ടതെല്ലാം
ചൈന നല്കുമായിരുന്നു..
ഫുട്പാത്തില്‍ കിട്ടുന്ന സാധനങ്ങളെക്കാള്‍ വില കുറവായിരുന്നു ചൈനീസ് സാധനങ്ങള്‍ക്ക്…
അങ്ങിനെ ചൈന
സാധാരണക്കാരുടെ
സ്വന്തമായി മാറി..
ചൈനയോടുള്ള
ഇഷ്ടം കൊണ്ട് ചൈനക്കാരിയെ പ്രണയിച്ച ക്യൂബ മുകന്ദനെ പോലെയല്ല ന്യൂ ജന്‍ പ്രണയിനികള്‍,..
പ്രണയ സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കിയാല്‍ പിന്‍ഭാഗം ഇളക്കി മാറ്റി ബാറ്ററി നീക്കി മെയ്ഡ് ഇന്‍ ചൈനയാണോ ജപ്പാനാണോ എന്ന് നോക്കി പ്രണയത്തിന്റെ വില നിശ്ചയിക്കുന്ന പ്രണയിനിമാര്‍ ന്യൂ ജെന്‍ യുഗത്തില്‍ ഒത്തിരിയുണ്ട്…
ഫോണിന് തിളക്കവും ഭംഗിയും വിലമതിപ്പുണ്ടെങ്കിലും
ചൈനീസാണെങ്കില്‍ വില കുറഞ്ഞ
പ്രണയത്തിന്റെ വിരലടയാളമായി
കാണുന്ന പ്രണയിനിമാര്‍
വില കൂടിയ
പ്രണയത്തിനായി ജപ്പാനേയും ജര്‍മ്മിനിയേയും നോക്കി നടക്കുകയായിരുന്നു …
റഷ്യയെ ഒത്തിരി പ്രണയിച്ചാലും ചൈനയെ ഇത്തിരി ഇഷ്ടപ്പെട്ടാലും
അമ്മയോളം വരില്ലൊന്നും തന്നെ…
അമ്മയില്ലെങ്കില്‍ പിന്നൊന്നുമില്ല..
അമ്മയ്ക്ക് പോറലേല്‍ക്കാതിരിക്കാനാ
മക്കള്‍ ഊണും ഉറക്കവും ഇല്ലാതെ അതിര്‍ത്തിയില്‍
കാവല്‍ നില്‍ക്കുന്നത്…
അമ്മയ്ക്ക് വേണ്ടി
ജീവന്‍ കൊടുത്ത മക്കള്‍ എണ്ണിയാലൊടുങ്ങില്ല…
റഷ്യയിലും അമേരിക്കയിലും ഇസ്രായേലിലും പാക്കിസ്താനിലും ചൈനയിലും
ചവിട്ടേണ്ട പന്തിന്
അവര്‍ കാറ്റു നിറച്ചോട്ടേ ..
ആ പന്ത് നമ്മുടെ വലയില്‍ കുരുങ്ങാതിരിക്കാനായി ഗോള്‍ മുഖം നമുക്ക് സംരക്ഷിക്കാം…
( കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് റഷ്യയേ കുറിച്ചും ചൈനയേക്കുറിച്ചും മറ്റു രാജ്യങ്ങളെ കുറിച്ചും സാര്‍വ്വദേശീയ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ടാകും ..അതില്‍ തെറ്റുമില്ല… അതും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ല:..ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായം, )