തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് ശബരിമല വീണ്ടും ചർച്ചയാകുന്നു. ശബരിമലയിൽ ആദ്യ വെടിപൊട്ടിച്ച കുമ്മനം രാജശേഖരനു മറുപടി നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ശബരിമല വിഷയം ആദ്യം രംഗത്ത് എത്തിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ശബരിമല എടുത്താൽ പത്തു വോട്ടുകിട്ടുമോ എന്നാണ് അവർ നോക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് പ്രസ്താവിച്ചത്. ശബരിമല നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനുള്ള കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ശ്രമത്തിനുള്ള മറുപടിയായാണ് പിണറായി വിജയൻ പൊട്ടിത്തെറിച്ചത്.
ശബരിമലയിൽ നിലവിൽ ഒരു പ്രശ്‌നവുമില്ലെന്നും അങ്ങനെയൊരു സാഹചര്യത്തിൽ യുഡിഎഫിന് ശബരിമല പ്രചാരണ വിഷയമാക്കിയാൽ വോട്ടുകൾ കിട്ടും എന്ന തോന്നൽ ഉണ്ടായിരിക്കുകയാണെന്നും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടോ എന്നും സുപ്രീം കോടതി റിവ്യൂ ആരംഭിച്ചതിനു ശേഷം ശബരിമലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം റിപ്പോർട്ട് ചെയ്യേണ്ടതായി വന്നിട്ടുണ്ടോ എന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് ചോദിച്ചു.
‘ശബരിമലയുടെ കാര്യത്തിൽ നേരത്തെ സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചുവെന്നും പിന്നീട് ആ വിധി സുപ്രീം കോടതി തന്നെ റിവ്യൂ ചെയ്യാൻ തീരുമാനിച്ചതായി തീരുമാനിച്ചു. അതിനുശേഷം ശബമലയിൽ ഉത്സവങ്ങൾ നടക്കുന്നുണ്ട്. തുടർച്ചയായ വർഷങ്ങളിൽ ഉത്സവങ്ങൾ നടക്കുന്നുണ്ട്. അവിടെ ഇപ്പോൾ ഒരു പ്രശ്‌നവുമില്ല. സാധാരണ ഗതിയിൽ ഉത്സവങ്ങൾ നടക്കുകയാണ്. ആ വിധിയുടെ ഭാഗമായി സുപ്രീകോടതിയുടെ വിധി വരുമ്‌ബോൾ മാത്രമേ ഇനിയെന്ത് വേണമെന്ന് നമ്മൾ ആലോചിക്കേണ്ടതുള്ളൂ.’-മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സംബന്ധിച്ച് നമ്മുടെ സമൂഹത്തിന്റെ ശ്രദ്ധയിൽ ഒന്നുമില്ലെന്നും ആ സമയത്താണ് യുഡിഎഫ് ശബരിമല വിഷയവുമായി പ്രചരണത്തിന് ഇറങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ തങ്ങൾക്ക് എന്തെങ്കിലും ചെയ്യാനാകുമോ. കോടതിയുടെ വിധി വരുമ്‌ബോഴാണ് സർക്കാരിന് ഇനി റോളുള്ളത്. വിധി പുറത്തുവരുമ്‌ബോൾ നമ്മെ പൊതുവായി ബാധിക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങൾ അതിലുണ്ടെങ്കിൽ അപ്പോൾ ഒരു നിലപാട് സ്വീകരിക്കേണ്ടതായി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പോൾ മാത്രമേ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി ചർച്ച ചെയ്തുകൊണ്ട് അത്തരത്തിൽ നിലപാട് സ്വീകരിക്കേണ്ടി വരികയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. യുഡിഎഫ് ഇപ്പോൾ പ്രചരണത്തിന് വേണ്ടിയുള്ള ഒരായുധമാക്കി ശബരിമല വിഷയത്തെ ഉപയോഗിക്കുകയാണെന്നും അതിനു പിറകെ തങ്ങൾ പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പ്രശ്‌നവും ശബരിമലയിൽ ഇല്ലാത്ത സാഹചര്യത്തെ ‘ഇതാ പ്രശ്‌നം’ എന്ന് പറഞ്ഞുകൊണ്ട് യുഡിഎഫ് തെറ്റായ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
മുസ്ലിം ലീഗ് ഒരു രാഷ്ട്രീയപാർട്ടിയല്ല എന്ന നിലപാട് എൽഡിഎഫിനില്ലെന്നും വിമർശിക്കുമ്‌ബോൾ വർഗീയതായി കാണേണ്ടതില്ലെന്നും ലീഗിനെ വിമർശിച്ചാൽ അതിന്റെ പിന്നിൽ എന്താണ് വർഗീയതെയെന്നും അദ്ദേഹം ചോദിച്ചു. മുൻപ് ചില കക്ഷികളുമായി യുഡിഎഫ് സഖ്യം ചേർന്നിരുന്നുവെന്നും ഇപ്പോൾ ലീഗ് വീണ്ടും അവരുമായി ചേരുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. യുഡിഎഫ് വർഗീയതയുമായി സമരസപ്പെടുകയാണെന്നും നാലു വോട്ടിനു വേണ്ടിയാണ് അവരിത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.