പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ ചെന്താമരയക്ക് ജീവപര്യന്തം. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയാണ് ചെന്താമര വിധി കേട്ടത്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3,25,000 രൂപ പിഴയും വിധിച്ചു.
ചൊവ്വാഴ്ചയാണ് കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പൊലീസ് കണ്ടെത്തിയ കുറ്റങ്ങളെല്ലാം പ്രതി ചെയ്തുവെന്ന് ജഡ്ജ് പ്രസ്താവിച്ചു. ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സജിത വധക്കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി എത്തുന്നത്. മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് ഇരട്ട ജീവപര്യന്തം. മൂന്നേകാല്‍ ലക്ഷം രൂപ പിഴയും കെട്ടണം. നെന്മാറയിലെ ചെന്താമരയുടെ ആദ്യ ക്രൂരതയിലെ വിധിയാണ് ഇത്.
മറ്റൊരു ഇരട്ടക്കൊലക്കേസിലും ചെന്തമാര പ്രതിയാണ്. സജിതാ കൊലക്കേസ് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമല്ലെന്ന് വിലയിരുത്തിയാണ് സജിതാ കൊലക്കേസിലെ ജീവപര്യന്ത വിധി. തെളിവ് നശിപ്പിച്ചതിന് അഞ്ചു കൊല്ലം ശിക്ഷ. ഇതിനൊപ്പം കൊലപാതകത്തിന് ജീവപര്യന്തം. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ജീവപര്യന്തം. ഈ മൂന്ന് ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് ചെന്താമരയ്ക്കെതിരായ വിധി പ്രഖ്യാപിച്ചത്. കൊലപാതകത്തിന് പുറമേ വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചിരുന്നു. കുറ്റക്കാരനെന്ന് വിധിച്ച അന്ന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ ഒന്നും ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. യാതൊരു കുറ്റബോധവും ഭാവഭേദവും ഇല്ലാതെയാണ് ചെന്താമര കോടതിയില്‍ നിന്നത്.
2019ലാണ് കേസിനാസ്പദമായ സംഭവം. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്ന ചെന്താമരയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് 2019 ആഗസ്റ്റ് 31ന് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. സജിതയും പുഷ്പയും ചേര്‍ന്ന കൂടോത്രം നടത്തിയതാണ് ഭാര്യ അകലാന്‍ കാരണമെന്ന് ചെന്താമര കരുതിയിരുന്നു.
ഈ കേസില്‍ പരോളില്‍ ഇറങ്ങിയപ്പോള്‍ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവിനെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഇതോടെ ചെന്താമരയുടെ ക്രൂരത പുതിയ തലത്തിലെത്തി. ഈ സാഹചര്യമാണ് സജിതാ കൊലക്കേസിനും പ്രസക്തിയുണ്ടായത്. രണ്ടാമത്തെ ഇരട്ടക്കൊലയിലും ചെന്താമര ഇനി വിചാരണയെ നേരിടും.
ഭാര്യയുമായി പിരിയേണ്ടി വന്നതിന്റെ ദേഷ്യത്തിലായിരുന്നു കൊലപാതകം. 2019 ഓഗസ്റ്റ് 31-നാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് സംശയിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞതോടെ സജിതയെ സംശയിക്കുകയായിരുന്നു.
അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ സജിതയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതി ചെന്താമരയുടെ ഭാര്യ ഉൾപ്പെടെ 67 സാക്ഷികളാണ് ഉണ്ടായിരുന്നത്. കേസിൽ നിർണായകമായത് സജിതയുടെ വീട്ടിൽ കണ്ട ചെന്താമരയുടെ കാൽപാടുകളാണ്. സജിത കൊലക്കേസിൽ, ജാമ്യത്തിലിറങ്ങിയ ശേഷം ജനുവരിയിലാണ് ചെന്താമര സജിതയുടെ ഭർത്താവ് സുധാകരൻ, ഭർതൃമാതാവ് ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയത്.



