”മുഖ്യമന്ത്രി.., സഖാവേ.., ഇത് നിങ്ങള്‍ക്കിരിക്കട്ടെ”: ശാന്തിവനത്തിലെ മരം മുറിച്ചതില്‍ പ്രതിഷേധിച്ച് മീന മേനോന്‍ മുടി മുറിച്ചു

ശാന്തിവനത്തില്‍ വീണ്ടും മരമുറിക്കാന്‍ കെഎസ്ഇബി എത്തി. മരം മുറിക്കുന്നതില്‍ പ്രതിഷേധിച്ച് ശാന്തിവനത്തിലെ മീന മേനോന്‍ തന്റെ മുടി മുറിച്ച് പ്രതിഷേധിച്ചു. ശാന്തിവനത്തിലെ എട്ട് മരങ്ങളുടെ ശിഖരങ്ങളാണ് ബുധനാഴ്ച വെട്ടിനീക്കിയത്. മരംവെട്ടുന്നത് ഭൂമിയുടെ മുടി മുറിക്കുന്നതിന് തുല്യമാണെന്നും അതിനാലാണ് ഇത്തരത്തില്‍ പ്രതിഷേധമെന്നും മീന മേനോന്‍ പറഞ്ഞു.

മുടി മുറിച്ചതിനുശേഷം അത് മുഖ്യമന്ത്രിയ്ക്കും വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിക്കും തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി സമര്‍പ്പിക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ കെഎസ്ഇബി-വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് സംഘവും സ്ഥലത്തെത്തി. ഇതോടെ ശാന്തിവനം സംരക്ഷണസമിതിയും പരിസ്ഥിതിപ്രവര്‍ത്തകരും മീന മേനോന്റ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ത്തി. എന്നാല്‍ ഉച്ചയ്ക്ക് ശേഷം മരക്കൊമ്പുകള്‍ മുറിച്ചുമാറ്റാനുള്ള നടപടികളുമായി കെഎസ്ഇബി മുന്നോട്ടുപോവുകയായിരുന്നു. ഉടമ മീന മേനോന്റെ വീടിനോട് ചേര്‍ന്നുള്ള മരങ്ങളാണ് മുറിച്ചുമാറ്റിയത്.

13.5 മീറ്ററില്‍ അധികം ഉയരത്തില്‍ ഉള്ള മരച്ചില്ലകള്‍ മുറിക്കും എന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. ശിഖരം മുറിക്കാന്‍ എന്ന പേരില്‍ മരങ്ങള്‍ മുറിക്കാന്‍ തന്നെയാണ് കെ.എസ്.ഇ.ബിയുടെ ശ്രമമെന്നു സ്ഥലത്തിന്റെ ഉടമ മീന മേനോന്‍ ആരോപിച്ചു. പ്രതിഷേധത്തിന് സമ്മര്‍ദ്ദം ചെലുത്തി തന്നെ അറസ്റ്റ് ചെയ്യാന്‍ ആണ് പോലീസ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

Top