ഒറ്റമുറി ഓലമേഞ്ഞ വീടിലിരുന്നു ശരത് സ്വപ്‌നങ്ങള്‍കണ്ടു; പട്ടിണിയിലും തളരാതെ മെഡിക്കല്‍ എന്‍ട്രന്‍സില്‍ റാങ്കുനേടി

പാലക്കാട്: ഈ മിടുക്കനുവേണ്ടി കയ്യടിച്ചില്ലെങ്കില്‍ നാം ആര്‍ക്കുവേണ്ടി കയ്യടിക്കും…ഇവന്റെ സ്വപ്‌നങ്ങള്‍ പൂവണിയാന്‍ നാം പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുക…എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ഓലമേഞ്ഞ ഒറ്റമുറിയിലിരുന്ന് തന്റെ വിജയം ആഘോഷിക്കുകയാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 14ാം റാങ്ക് നേടിയ് ശരത്.

അയല്‍ വീടുകളില്‍ പണിക്കുപോയും തൊഴിലുറപ്പിലും കൂലിവേലചെയ്ത് ഒരമ്മ മകനെ കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തിരുന്നു. തന്റെ മകനെ ഡോക്ടറാക്കണം.ചെത്തു തൊഴിലാളിയായിരുന്നു ശരത്തിന്റെ അച്ഛന്‍ സുധാകരന്‍. ശാരീരികാവശതകളെ തുടര്‍ന്ന് ആ പണിക്കു പോകാന്‍ കഴിയാതെ വന്നതോടെ വീട്ടില്‍ വാങ്ങിച്ച രണ്ടു പശുക്കളെ പരിപാലിച്ച് അതില്‍ നിന്നും കിട്ടുന്ന ആദായം കൊണ്ട് കുടുംബം നോക്കേണ്ടി വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓലമേഞ്ഞ ഒറ്റമുറി വീട് ഒരോ ദിവസവും തള്ളിനീക്കാന്‍ പാടുപെടുന്ന കുടുംബം. പക്ഷെ ആ പ്രതിസന്ധികളൊന്നും ശരതിന് തടസമായില്ല. ലക്ഷങ്ങള്‍ നല്‍കി കോച്ചിങ് സെന്ററുകളില്‍ പഠനം നടത്തുന്നവര്‍ക്കൊപ്പം തന്റെ ഇല്ലായ്മകളെ പ്രതിരോധമാക്കി മെഡിക്കല്‍ എന്‍ട്രന്‍സില്‍ പതിനാലാം റാങ്കുനേടി.

പട്ടിണിയുടെ നാളുകളിലും ഒരമ്മ ഒരു സ്വപ്‌നം കണ്ടിരുന്നു; തന്റെ മകനെ ഒരു ഡോക്ടറാക്കുക. ആ സ്വപ്‌നമാണ് ഇന്ന് പൂവണിഞ്ഞത്.അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പതിനാലം റാങ്ക് നേടി ആ മകന്‍ അമ്മയ്ക്കു മാത്രമല്ല ഒരു നാടിനാകെ ആഹ്ലാദവും അഭിമാനവും പകര്‍ന്നു. പാലക്കാട് ഷൊര്‍ണൂര്‍ വാണിയംകുളത്ത് സുധാകരന്റെയും ശാരദയുടെയും മൂത്തമകനാണ് ശരത്. പത്താംക്ലാസുകാരിയായ ശാരിക അനിയത്തി

അമ്മയുടെ ആഗ്രഹമായിരുന്നു എന്നെയൊരു ഡോക്ടറായി കാണമെന്ന്. അമ്മ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോള്‍ മറ്റൊന്നും നോക്കാതെ ഞാനതിനായി ശ്രമിച്ചു. പ്ലസ് ടു കഴിഞ്ഞയുടനെ ആദ്യത്തെ തവണ എന്‍ട്രന്‍സിന് അപ്പിയര്‍ ചെയ്തു. അന്നു 4006ആം റാങ്കാണു കിട്ടിയത്. പിന്നീടാണ് ബാബാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന കോച്ചിംഗ് സെന്ററില്‍ ചേര്‍ന്നത്. നല്ലവരായ ചിലരുടെ സഹായം കൊണ്ടാണ് കോച്ചിംഗ് സെന്ററില്‍ പോകാന്‍ കഴിഞ്ഞത് ശരത് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കണമെന്നാണ് ശരത്തിന്റെ ആഗ്രഹം. ഇപ്പോള്‍ മനസില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കുക എന്നതുമാത്രമാണെന്നും ഏതിലെങ്കിലും സ്‌പെഷ്യലൈസ് ചെയ്യണമെന്നതൊന്നും മനസില്‍ ഇല്ലെന്നും ശരത് പറയുന്നു. അമ്മയുടെ ആഗ്രഹം കൊണ്ടാണ് ഇവിടെ വരെ എത്തിയത്. ഇനിയുള്ള അഞ്ചുവര്‍ഷത്തിനിടയില്‍ വേണം ഭാവിയിലേക്കുള്ള കാര്യത്തെ കുറിച്ച് ചിന്തിക്കേണ്ടതെന്നും ശരത് വ്യക്തമാക്കി.

ശരതത്തിന്റെ വിജയമറിഞ്ഞ് വാണിയംകുളത്തെ ആ കൊച്ചു വീട്ടിലേക്ക് കഴിഞ്ഞ ദിവസം ഒരഥിതി എത്തിയിരുന്നു; ഷൊര്‍ണൂര്‍ എഎസ്പി ജയദേവ് ഐപിഎസ്. ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ഒരു കുട്ടിക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കിട്ടിയെന്ന വാര്‍ത്തയറിഞ്ഞാണ് സ്റ്റേഷന്റെ ചുമതല കൂടിയുള്ള ജയദേവും ഒപ്പം അവിടുത്തെ ചില പൊലീസുകാരും ശരത്തിന്റെ വീട്ടിലെത്തുന്നത്. ആ മിടുക്കന് നല്‍കാനായി ഒരു പാര്‍ക്കര്‍ പേനയും കരുതിയിരുന്നു. ശരതിന്റെ വീട്ടിലെത്തിയപ്പോഴാണ് ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയത്. ഓലമേഞ്ഞൊരു ഒറ്റമുറി വീട്ടിലാണ് ആ കുട്ടിയും കുടുംബവും താമസിക്കുന്നത്. തീര്‍ത്തും പ്രതികൂലമായൊരു സാഹചര്യത്തെ നേരിട്ടാണ് ഇത്രവലിയൊരു വിജയം സ്വന്തമാക്കിയത്. ആ കുട്ടിയോട് ബഹുമാനം തോന്നി.

ഇതിനിടയില്‍ ശരത്തിന്റെ കൈയിലിരുന്ന ഒരു പഴയ ഫോണ്‍ ജയദീപിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തിരികെ പോരുന്ന വഴിയില്‍ തന്റെ സഹപ്രവര്‍ത്തകരോട് ശരത്തിനു പുതിയൊരു ഫോണ്‍ വാങ്ങിക്കൊടുക്കണമെന്ന ആഗ്രഹം ജയദീപ് പങ്കുവച്ചു. കേട്ടപ്പോള്‍ കൂടെയുള്ളവര്‍ക്കും സന്തോഷം. അപ്പോള്‍ തന്നെ പുതിയൊരു ഫോണ്‍ വാങ്ങി. ഉച്ചയ്ക്ക് ശരത്തിനോട് സ്‌റ്റേഷന്‍ വരെ എത്താന്‍ പറഞ്ഞപ്പോള്‍ സര്‍പ്രൈസ് ഒളിപ്പിച്ചു. സ്‌റ്റേഷനില്‍ എത്തിയ ശരത്തിന് അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം കണ്ട് അത്ഭുതം.

Top