സരിതയുടെ വാട്‌സാപ്പ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ എഡിജിപിയെ ചോദ്യം ചെയ്തു; താന്‍ വീഡിയോ കണ്ടില്ലെന്ന് പത്മകുമാര്‍ ഐപിസ്

തിരുവനന്തപുരം: സോളാര്‍ നായിക സരിതാ നായരുടെ വാട്ട്‌സ് ആപ് ദൃശ്യം പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് സംഘം എ.ഡി.ജി.പി പത്മകമാറിന്റെ മൊഴിയെടുത്തു.ക്രൈംബ്രാഞ്ച് എസ്.പിയുടെ സാന്നിദ്ധ്യത്തില്‍ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസിലെ സാമ്പത്തിക ആസൂത്രിത കുറ്റാന്വേഷണ വിഭാഗം ഡി.വൈ.എസ്.പി സനല്‍കുമാറാണ് മൊഴി രേഖപ്പെടുത്തിയത്.

നേരത്തെ ഇതുസംബന്ധമായി സരിതയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. തന്റെ നഗ്‌ന ദൃശ്യങ്ങള്‍ എ.ഡി.ജി.പി പ്രചരിപ്പിച്ചുവെന്നാണ് സരിതയുടെ പരാതി.എന്നാല്‍ വാട്ട്‌സ് ആപ് വഴി പ്രചരിച്ച ദൃശ്യങ്ങളെപ്പറ്റി തനിക്ക് അറിയില്ലെന്നാണ് എ.ഡി.ജി.പി മൊഴി നല്‍കിയതെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സൗത്ത് സോണ്‍ എ.ഡി.ജി.പിയായ പത്മകുമാറിനെതിരായ അന്വേഷണം വളരെ ജൂനിയറായ ഉദ്യോഗസ്ഥന്‍ നടത്തുന്നതിലെ യുക്തിയും വിശ്വാസ്യതയും ഇതിനകം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലെ തന്റെ ആശങ്ക ഡി.ജി.പി സെന്‍കുമാറിനോട് സരിത തുറന്നുപറഞ്ഞതായാണ് അറിയുന്നത്.

പത്മകുമാറിന്റെ അടുപ്പക്കാരനും നിയമവിരുദ്ധ പ്രവര്‍ത്തിക്ക് നേരത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നതുമായ ഐ.പിഎസ് ഓഫീസര്‍ അടുത്തയിടെ ക്രൈംബ്രാഞ്ചിലെത്തിയതാണ് സരിതയുടെ ആശങ്കയ്ക്ക് കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ ആരുടെയും ഇടപെടല്‍ അനുവദിക്കില്ലെന്ന് ഡി.ജി.പി ഉറപ്പ് നല്‍കിതായി സരിതയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സോളാര്‍ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം റേഞ്ച് ഐ.ജിയായിരുന്ന പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സരിതയുടെ താമസസ്ഥലത്തുനിന്നും ലാപ് ടോപ്പും മൊബൈല്‍ ഫോണുകളും കേസുമായി ബന്ധപ്പെട്ട രേഖകളും റെയ്ഡ് നടത്തി പിടികൂടിയിരുന്നു. ഇത്തരത്തില്‍ പിടിക്കപ്പെട്ട ഫോണുകളിലോ ലാപ്‌ടോപ്പിലോ ഉണ്ടായിരുന്ന ദൃശ്യങ്ങളാണ് പ്രചരിക്കപ്പെട്ടതെന്ന സംശയമാണ് ഉന്നത പൊലീസുദ്യോഗസ്ഥനിലേക്ക് അന്വേഷണം നീളാന്‍ ഇടയാക്കിയിട്ടുള്ളത്.

താന്‍പിടികൂടിയ മൊബൈല്‍ഫോണുകളും തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയതായി എ.ഡി.ജി.പി മൊഴി നല്‍കി. വാട്ട്‌സ് ആപ് ദൃശ്യങ്ങള്‍ എ.ഡി.ജി.പിയെ ബോദ്ധ്യപ്പെടുത്തിയെങ്കിലും ദൃശ്യങ്ങളെപ്പറ്റി അറിയില്ലെന്ന് വെളിപ്പെടുത്തിയ അദ്ദേഹം തനിക്കെതിരായ സരിതയുടെ ആരോപണങ്ങളും നിഷേധിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീഡിയോ എം.എം.എസായി സരിതയുടേതെന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചത്. വാട്ട്‌സ് ആപ്പിലൂടെ ഷെയര്‍ ചെയ്യപ്പെട്ടതോടെ വീഡിയോ വൈറലാകുകയും പരാതിക്കിടയാക്കുകയുമായിരുന്നു. വാട്ട്‌സ് ആപ് വഴി തന്റെ പേരില്‍ ചില ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായി ബന്ധുവഴി അറിഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം ആവശ്യപ്പെട്ട് സരിത പത്തനംതിട്ട കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

കോടതി നിര്‍ദേശാനുസരണം പത്തനംതിട്ട പൊലീസ് ചാര്‍ജ് ചെയ്ത കേസാണ് തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയത്. പത്തനംതിട്ട പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസ് 211 സി.ആര്‍/ ഇഒ1/ കൊല്ലം /2014 ക്രൈം നമ്പരായാണ് അന്വേഷിക്കുന്നത്. വാട്ട്‌സ് ആപ് വഴി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തന്നെ അപമാനപ്പെടുത്തിയെന്നും സ്വകാര്യത നഷ്ടപ്പെടുത്തിയെന്നും മക്കള്‍ക്കൊപ്പം കഴിയാന്‍ പോലും പറ്റുന്നില്ലെന്നും മറ്റുമാണ് സരിത കോടതിയില്‍ ബോധിപ്പിച്ചത്.

സോളാര്‍ കേസിന്റെ ആദ്യഘട്ടത്തില്‍ സരിതയുടെ താമസസ്ഥലത്തെ റെയ്ഡിനിടെ പിടിച്ചടുത്ത മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു. റെയ്ഡ് സമയത്ത് തയ്യാറാക്കിയ സെര്‍ച്ച് ലിസ്റ്റില്‍ മൊബൈല്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും കാര്യം പരാമര്‍ശിച്ചിട്ടുള്ളതായും സൂചനയുണ്ട്. കോടതിയില്‍ ഹാജരാക്കാതെ പൊലീസ് മുക്കിയതായി പറയപ്പെടുന്ന മൊബൈല്‍ ഫോണിലോ ലാപ്‌ടോപ്പിലോ ഉണ്ടായിരുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതിന് പിന്നില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സരിത സംശയിക്കുന്നത് ഈ സാഹചര്യത്തിലാണ്.

പത്മകുമാറുമായി തനിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും ഒരു പ്രമുഖനുമായുള്ള തന്റെ അടുപ്പത്തിലുള്ള അനിഷ്ടമാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടാന്‍ കാരണമെന്നും സരിത മൊഴി നല്‍കിയതായാണ് അറിയുന്നത്.അതേസമയം വാട്‌സ് ആപ്പ് ദൃശ്യത്തിന്റെ ഉറവിടം തേടി അന്വേഷണ സംഘം ഗൂഗിളിനെ സമീപിച്ചെങ്കിലും സഹായകമായ വിവരങ്ങള്‍ ലഭ്യമായില്ലെന്നാണ് അറിയുന്നത്.

സൈബര്‍ പൊലീസിന്റെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. വാട്ട്‌സ് ആപ് വഴി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ പട്ടിക സൈബര്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് സരിതയുടെ ചൂടന്‍ ദൃശ്യങ്ങളെന്ന പേരില്‍ ഇത് പ്രചരിപ്പിച്ചത്. സി.ഡാക്കിന്റെ സഹായവും കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്.

പൊലീസ് സേനയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുയരുമ്പോള്‍ അതേപ്പറ്റി ഡിവൈ.എസ്.പി റാങ്കില്‍ നടക്കുന്ന അന്വേഷണം എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയവും ശക്തമാണ്. സരിതയുടെ മൊഴിയ്‌ക്കൊപ്പം അമേരിക്ക ആസ്ഥാനമായി ഇന്റര്‍നെറ്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍, സൈബര്‍സെല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാകും തുടരന്വേഷണം

Top