തിരുവനന്തപുരം: മുടിമുറിച്ച ശേഷം മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആക്രമണത്തിന് ഇരയായ സതികുമാരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസ് പ്രതികള്‍ക്കുവേണ്ടി ലോക്കല്‍ പോലീസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. മൊഴിയെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍ ആക്രമണത്തിന് നേതൃത്വം നല്‍കി എന്നു സംശയമുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടെ നല്‍കിയതാണ്. എന്നാല്‍ എന്റെ മൊഴിയില്‍ പറഞ്ഞിരിക്കുന്നത് കണക്കിലെടുത്ത് യാതൊരു അന്വേഷണവും നടന്നില്ല. അക്രമികളെന്ന സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ല. എന്നാല്‍ മൊഴി മാറ്റിയെഴുതുകയാണ് പോലീസ് ചെയ്തത്. കേസ് അന്യേഷണത്തില്‍ ലോക്കല്‍ പോലീസില്‍ വിശ്വാസമില്ലന്ന എന്റെ പരാതിയെ തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈ മാറി. പക്ഷേ പോലീസ് ക്രൈം ബ്രാഞ്ചിന് കൈ മാറിയ രേഖകളില്‍ എന്റെ മൊഴിയില്‍ പറഞ്ഞിരുന്ന അക്രമികളുടെ പേരുകള്‍ പോലും ഇല്ലായിരുന്നു. തുടര്‍ന്ന് സംഭവം ഞാന്‍ സ്വയം സൃഷ്ടിച്ചതെന്ന രീതിയിലാണ് മാധ്യമങ്ങള്‍ ചീത്രീകരിച്ചത്. അക്രമികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ശാരീകികമായി തളര്‍ന്ന ഞാന്‍ പോലീസ് റിപ്പോര്‍ട്ടും മാധ്യമങ്ങളുടെ വാര്‍ത്തകള്‍ കൂടി കണ്ടപ്പോള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണന്നും അവര്‍ ചൂണ്ടിക്കാട്ടി.
ക്രൈം ബ്രാഞ്ച് അന്വേഷണം എനിക്ക് പ്രതീക്ഷ നല്‍കുന്നുണ്ടന്നും സത്യസന്ധമായ അന്വേഷണം നടത്തി അക്രമികളെ അറസ്റ്റ് ചെയ്യണം. കേസ് ഞാന്‍ സ്വയം സ്യഷ്ടിച്ചുയെന്നുള്ള പോലീസ് നിഗമനത്തിന്റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണം. പ്രദേശത്തെ ചില സി.പി.എം നേതാക്കളുടെ ഇടപെടലുകള്‍ കാരണം കേസ് ഒതുക്കി തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ആക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് സംശയമുള്ള പ്രദേശത്തെ സി.പി.എം, സി.ഐ.റ്റി.യു നേതാവ് സാമ്പന്റെ പേര് മൊഴിയില്‍ പറയുന്നണ്ടെങ്കിലും അയാളെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായില്ലന്നും അവര്‍ പറയുന്നു. താന്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയും ഗാന്ധി സ്മാരകനിധിയുടെ സജീവ പ്രവര്‍ത്തകയുമായ താന്‍ പ്രദേശത്തെ സാമൂഹിക പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്നു. വീടിനു സമീപത്തെ കുളത്തിലെ പട്ടയപ്രശ്‌നം, മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ എനിക്ക്് ശത്രുക്കള്‍ ഉണ്ടായിട്ടുണ്ടന്ന് സതികുമാരി പറയുന്നു.
ഈ മാസം 11 ന് വൈകിട്ട് ഏഴു മണിയോടെയാണ് അമരവിളയിലെ വീടിനു സമീപത്തു നിന്നും ആക്രമണം നടന്നത്. വീട്ടിലേയ്ക്ക് പോകുമ്പോള്‍ ഇടവഴിയില്‍ പതിയിരുന്ന രണ്ട് പേര്‍ പുറകില്‍ നിന്നും എന്റെ മേല്‍ ചാടി വീഴുകയും തുടര്‍ന്ന് ഇതില്‍ ഒരാള്‍ വായ് പൊത്തിപിടിക്കുകയും മറ്റെയാള്‍ മുതുകത്ത് ഇടിക്കുകയും കത്തി ഉപയോഗിച്ച് മുടി അറുത്തെടുക്കുകയും ചെയ്തു. തുടര്‍ന്ന് തെറി വിളിക്കുകയും നീ സുരാജാ ദേവിക്കെതിരേ മത്സരിക്കുമോടി, നീ സാമ്പനെതിരേ സംസാരിക്കുമോ നിന്നെ പ്രെട്രോള്‍ ഒഴിച്ച് ചുടുമെന്ന് വിളിച്ച പറയുകയും ചെയ്തു കൊണ്ടിരുന്നു. അപ്പോഴേക്കും വായ് പൊത്തിയിരുന്ന അക്രമിയുടെ കൈയ്യില്‍ കടിക്കുകയും ആയാള്‍ കൈ പിന്‍വിക്കുകയും ചെയ്തു. തുടര്‍ന്ന് ഞാന്‍ പ്രാണ രക്ഷാര്‍ത്ഥം ഓടി തൊട്ടടുത്ത വീട്ടില്‍ ഓടി കയറി അഭയം പ്രാപിച്ചുവെന്നും സതികുമാരി പറയുന്നു.
പ്രദേശത്തെ ബാഹ്യശക്തികളുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ലോക്കല്‍ പോലീസിന്റെ നടപടി സംശയം ഉളവാക്കുന്നതാണന്നും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പോലീസ് നടപടികളും ക്രൈംബ്രാഞ്ച് അന്യേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്ന ഗാന്ധിമിത്ര മണ്ഡലം ചെയര്‍മാന്‍ വോണുഗോപാലന്‍ തമ്പിയും വൈസ് ചെയര്‍മാന്‍ മലയന്‍കീഴ് വേണുഗോപാലും ആവശ്യപ്പെട്ടു.