ആദായ നികുതി അടയ്ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിന് സ്റ്റേ; ആധാറിനായി ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തു. ഇക്കാര്യത്തില്‍ ഭരണഘടന ബെഞ്ച് തീരുമാനമെടുക്കുന്നതുവരെയാണ് സ്റ്റേ. ആധാര്‍ ഇല്ലാത്തവര്‍ക്കും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം. റിട്ടേണ്‍ നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനാകില്ല.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യംചെയ്യുന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സ്വകാര്യ വിവരങ്ങളെപ്പറ്റിയുള്ള ആശങ്ക പരിഹരിക്കുന്നതുവരെ ആധാര്‍ ഇല്ലാത്തവരെ അതെടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ നിലവില്‍ പാന്‍കാര്‍ഡും ആധാറുമുള്ളവര്‍ ജൂലായ് ഒന്നിനകം അത് രണ്ടും ബന്ധിപ്പിക്കണം. അല്ലെങ്കില്‍ പാന്‍കാര്‍ഡ് അസാധുവാകും. ആധാര്‍ ഇല്ലാത്തവരും ആധാര്‍ എടുത്ത് അത് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമോ എന്ന കാര്യം ഭരണഘടനാ ബഞ്ച് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.

ആധാര്‍ നിര്‍ബന്ധമാക്കിയ ആദായനികുതി നിയമത്തിലെ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജിനല്‍കിയത്. ജഡ്ജിമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

ആദായനികുതി നിയമത്തിലെ 139എ.എ. വകുപ്പ് പ്രകാരമാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്. പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ് ഈ വകുപ്പ്. ജൂലായ് ഒന്നുമുതലാണ് ഇത് നിലവില്‍വരുന്നത്.

ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ 2015ലെ വിധിയുടെ ലംഘനമാണ് കേന്ദ്രം നടത്തിയതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍, വ്യാജ പാന്‍ കാര്‍ഡുകള്‍ തടയുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഇത്തരം വ്യാജ പാന്‍കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തുന്നതായി കേന്ദ്രം പറഞ്ഞു. വിവിധ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട് 50,000 കോടി രൂപയോളം ലാഭിക്കാനും അത് പാവങ്ങള്‍ക്കായി ചെലവാക്കാനും സര്‍ക്കാരിന് സാധിച്ചതായും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അറിയിച്ചിരുന്നു.

Top