തിരുവനന്തപുരം: സീറ്റ് വിഭജനം യുഡിഎഫില്‍ ഇത്തവണ കീറാമുട്ടിയാകും. എംവി രാഘവന്റെ സിഎംപിയും ഗൗരിയമ്മയുടെ ജെഎസ്എസും ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസും ഇന്ന് യുഡിഎഫില്‍ പഴയതു പോലെ ശക്തരായി ഇല്ല. സിഎംപിയുടേയും ജെഎസ്എസിന്റേയും കഷ്ണങ്ങള്‍ മാത്രമാണ് ഉള്ളത്. ഇവര്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ അതുകൊണ്ട് തന്നെ ഏറ്റെടുക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ അതെല്ലാം തെറ്റിച്ച് ജെഡിയുവും ആര്‍എസ്പിയും എത്തുന്നു. രണ്ടു പേര്‍ക്കും കൂടുതല്‍ സീറ്റ് വേണം. അധിക ആവശ്യങ്ങളൊന്നും മുസ്ലിം ലീഗ് ഉന്നയിക്കാത്തത് മാത്രമാണ് ആശ്വാസം. മാണിയുടെ കേരളാ കോണ്‍ഗ്രസും വിട്ടുവീഴ്ചയ്ക്കില്ല. ഇതോടെ പ്രശ്‌നങ്ങള്‍ കൈവിട്ട് പോവുകയാണ്.
ജെ.ഡി.(യു)വും ആര്‍.എസ്പിയും സീറ്റിന്റെ കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കും. യു.ഡി.എഫുമായി ചര്‍ച്ച നടത്താന്‍ ജെ.ഡി(യു) ഏഴംഗസമിതി രൂപവത്കരിച്ചു. ജെ.ഡി.(യു) 10 സീറ്റ് ആവശ്യപ്പെടും. വിജയസാധ്യതയില്ലാത്ത സീറ്റുകള്‍ സ്വീകരിക്കില്ലെന്നും അവര്‍ തീരുമാനിച്ചിട്ടുണ്ട്. ആര്‍.എസ്പിയുടെ ആവശ്യം 8 സീറ്റാണ്. മാണിയും കൂടുതലായി രണ്ട് സീറ്റുകള്‍ ചോദിക്കുന്നു. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ തവണ ഏഴു സീറ്റായിരുന്നു ജെ.ഡി(യു)ക്ക്. എം വിആര്‍. മത്സരിച്ച നെന്മാറ സീറ്റും തങ്ങളുടെ പട്ടികയിലായിരുന്നെന്ന് ജെ.ഡി(യു) പറയുന്നു. മട്ടന്നൂര്‍, എലത്തൂര്‍, നേമം, നെന്മാറ പോലുള്ള വിജയസാധ്യത തീരെയില്ലാത്ത സീറ്റുകള്‍ വേണ്ടെന്ന് ആവശ്യപ്പെടും. തലസ്ഥാനത്ത് നേമത്തിന് പകരം വാമനപുരം സീറ്റാണ് ജെ.ഡി(യു)യുടെ ലക്ഷ്യം. ആര്‍.എസ്പി. 8 സീറ്റിനാണ് നോട്ടമിടുന്നത്. കൊല്ലം ജില്ലയില്‍ നാലു സീറ്റ് വേണമെന്നാണ് പ്രധാന ആവശ്യം.
ജെ.എസ്.എസിലെ കെ.കെ. ഷാജുവിനെ കോണ്‍ഗ്രസ് ടിക്കറ്റില്‍ അടൂരില്‍നിന്ന് മത്സരിപ്പിച്ചേക്കും. അതോടൊപ്പം മുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുന്ന സി.പി. ജോണ്‍ വിഭാഗത്തിനും സീറ്റ് നല്‍കും. ഇതെല്ലാം കൂടിയാകുമ്പോള്‍ ഏതാണ്ട് അറുപതോളം സീറ്റുകള്‍ ഘടകകക്ഷികള്‍ക്കായി നല്‍കേണ്ടി വരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതിന് ശേഷം 80 സീറ്റുകളില്‍ മാത്രമേ കോണ്‍ഗ്രസിന് മത്സരിക്കാന്‍ കഴിയൂ. ഏകകക്ഷി ഭരണമെന്ന ലക്ഷ്യം ഈയിടെയൊന്നും നടക്കില്ലെന്നും കോണ്‍ഗ്രസ് തിരിച്ചറിയുന്നു. അതിനിടെ ഭരണത്തുടര്‍ച്ചയെന്ന മുദ്രാവാക്യത്തിന് ഘടകക്ഷികള്‍ക്കിടയിലെ വാദപ്രതിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഈ സാഹചര്യത്തില്‍ ഇന്നത്തെ മുന്നണിയോഗത്തെ കരുതലോടെയാകും കോണ്‍ഗ്രസ് സമീപിക്കുക.
കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചു കഴിഞ്ഞു. ജെഡിയുവിനേയും ആര്‍എസ്പിയേയും എങ്ങനെ കുറച്ച് സീറ്റുകളിലേക്ക് മാറ്റുമെന്നതാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. മാണിയില്‍ നിന്ന് പൂഞ്ഞാര്‍ ഏറ്റെടുക്കാനും നീക്കമുണ്ട്. ജേക്കബിന്റെ കേരളാ കോണ്‍ഗ്രസിനും കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകള്‍ ലഭിക്കില്ല. രണ്ട് സീറ്റുകള്‍ കൊടുത്താല്‍ മതിയെന്നാണ് ധാരണ. മാണിയേയും ജേക്കബ് നെല്ലൂരിനേയും അനുനയിപ്പിച്ച് കൂടെ നിര്‍ത്തി കാര്യസാധ്യമാണ് ലക്ഷ്യം. അതിനിടെ കോണ്‍ഗ്രസില്‍ സീറ്റ് മോഹികള്‍ പരസ്യമായി രംഗത്ത് വരുമോ എന്ന ഭയവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റിനായി ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിക്കുന്നതിനേയും ഗൗരവത്തോടെയാണ് കാണുന്നത്.
മാണിയുടെ കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളേയും ഗൗരവത്തോടെയാണ് കാണുന്നത്. ഫ്രാന്‍സിസ് ജോര്‍ജ് കേരളാ കോണ്‍ഗ്രസ് വിട്ടുപോയാല്‍ മാണിക്ക് ഇ്‌പ്പോള്‍ അനുവദിച്ച അത്രയും സീറ്റും നല്‍കില്ല. അതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഒരു മണ്ഡലത്തില്‍ നിന്നു പരമാവധി നാലുപേര്‍ അടങ്ങുന്ന പാനല്‍ പ്രാഥമികമായി ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ജില്ലാതല ഉപസമിതികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണു ധാരണ.
ഉപസമിതികള്‍ ജില്ലാതലത്തില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, അവര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളെക്കുറിച്ചു മൂന്നുനേതാക്കളും അഭിപ്രായം ആരാഞ്ഞു. ഓരോ ജില്ലക്കാരുമായി പ്രത്യേക ചര്‍ച്ചയാണു നടത്തിയത്. പല മണ്ഡലങ്ങളിലും ആറും ഏഴും പേരുകള്‍ വരെ നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നു നേതാക്കളും ചേര്‍ന്ന് ഇതു പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മൂന്നു നാലുപേര്‍ വീതമുള്ള പാനലാക്കും. സിറ്റിങ് എംഎല്‍എമാര്‍ ഈ പാനലില്‍ ഉണ്ടാകണമെന്ന ധാരണയുണ്ട്. ഘടകകക്ഷികളുമായി സീറ്റു വച്ചുമാറുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളും ഉപസമിതി നിര്‍ദേശിച്ചിട്ടുണ്ട്. യുഡിഎഫ് യോഗത്തില്‍ ഇതും ചര്‍ച്ചയാക്കും. അതിനിടെ ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ തന്നെ സിറ്റ് ധാരണ ഉണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
യുഡിഎഫിലെ ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസിന്റെ സംസ്ഥാന തെരഞ്ഞെടുപ്പു സമിതി യോഗം ചേരും. ഈ കരടു പട്ടിക കൂടാതെ അവിടെ ഉയര്‍ന്നുവരുന്ന മറ്റു നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി പുതിയ പട്ടികയ്ക്കു രൂപം നല്‍കും. ഇതാണ് ഔദ്യോഗികപട്ടിക. ഇതു രണ്ടാമതു കേന്ദ്രനേതൃത്വത്തിനു നല്‍കും. കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയാണ് അന്തിമപട്ടികയ്ക്ക് അംഗീകാരം നല്‍കേണ്ടത്. ഇതിനു മുമ്പായി കേന്ദ്രവുമായി സംസാരിച്ചു സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ട പൊതുമാനദണ്ഡത്തിനു രൂപം നല്‍കാനാണ് കെപിസിസി തീരുമാനം.