ദില്ലി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 89 സീറ്റുമായി അധികാരത്തില്‍ വരുമെന്ന് ഇന്ത്യാ ടിവി സീ വോട്ടര്‍ സര്‍വേ. യുഡിഎഫിന്റെ സീറ്റുകള്‍ 49ലേക്കു കുറയുമെന്നും ബിജെപിക്ക് ഒരു സീറ്റു കിട്ടാമെന്നും സര്‍വേ പറയുന്നു. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ വന്‍ ഇടതുമുന്നേറ്റമാണ് സര്‍വേയില്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ എഡിഎംകെ ഭരണത്തുടര്‍ച്ച നേടും.
അസമില്‍ ബിജെപി നേതൃത്വം നല്‍കുന്ന സഖ്യത്തിനാണ് സാധ്യത കല്‍പിക്കുന്നത്. അതേസമയം, ഭൂരിപക്ഷം കാര്യമായുണ്ടാകില്ല. തമിഴ്‌നാട്ടില്‍ അധികാരം നേടുമെങ്കിലും എഡിഎംകെബിജെപി സഖ്യം കാര്യമായ ഭൂരിപക്ഷമുണ്ടാക്കില്ലെന്നും സര്‍വേ പറയുന്നു. മാര്‍ച്ച് ആദ്യവാരമാണ് അഭിപ്രായ സര്‍വേ നടത്തിയത്.
കേരളത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് 72 സീറ്റില്‍നിന്നു 49 സീറ്റിലേക്കു മൂക്കുകുത്തി വീഴുമെന്നുമാണ് സര്‍വേ പറയുന്നത്. കഴിഞ്ഞതവണനേടിയ 66 സീറ്റില്‍നിന്ന് എല്‍ഡിഎഫ് 89ലേക്ക് കരുത്തുറ്റ മുന്നേറ്റം നടത്തും. 44.6 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് നേടും. യുഡിഎഫിന്റെ വോട്ട് വിഹിതം 39.1 ശതമാനം മാത്രമായിരിക്കുമെന്നും സര്‍വേ പറയുന്നു.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി തന്നെ അധികാരത്തിലെത്താനാണ് സാധ്യത. അതേസമയം, കഴിഞ്ഞതവണ നേടിയ 184 സീറ്റില്‍ പലതും നഷ്ടപ്പെടും. 156 സീറ്റുകള്‍വരെ തൃണമൂലിന് കിട്ടാനേ സാധ്യതയുള്ളൂ. കഴിഞ്ഞ തവണ അറുപതു സീറ്റിലൊതുങ്ങിയ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവു നടത്തും. 114 സീറ്റ് വരെയാണ് ബംഗാളില്‍ ഇടതുപക്ഷത്തിന് പ്രവചിക്കുന്നത്.
കഴിഞ്ഞതവണ തമിഴ്‌നാട്ടില്‍ എഡിഎംകെ നേടിയ 203 സീറ്റില്‍ ഇക്കുറി വലിയ കുറവുണ്ടാകും. 234 അംഗ സഭയില്‍ 116 സീറ്റുകള്‍ മാത്രമാണ് എഡിഎംകെ കിട്ടാന്‍ സാധ്യത. ഇത് കേവലഭൂരിപക്ഷത്തിന് രണ്ടു സീറ്റു കുറവാണ്. ഡിഎംകെയ്ക്ക് 101 സീറ്റ് വരെ ലഭിക്കാം. 2011ല്‍ ഡിഎംകെയ്ക്കു 31 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിക്കുമെന്നും സര്‍വേ പറയുന്നു.