
തിരുവനന്തപുരം: സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് കോട്ടൂരും അവിഹിത ബന്ധത്തിലേര്‍പ്പെടുന്നത് കണ്ട കാര്യം പുറത്തറിയാതിരിയ്‌ക്കാനാണ് പ്രതികള്‍ അഭയയെ കൊലപ്പെടുത്തിയത്. താന്‍ കന്യകയാണെന്ന് തെളിഞ്ഞാല്‍ കേസ് ദുര്‍ബലമാകുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് സെഫി ഈ കടുംകൈയ്‌ക്ക് മുതിര്‍ന്നത്.സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തുവെന്ന് ഡോക്ടർ മൊഴി നൽകി. പ്രോസിക്യൂഷൻ പത്തൊൻപതാം സാക്ഷി ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി ഡോക്ടർ ഡോ. ലളിതാംബിക കരുണാകരനാണ് സിബിഐ കോടതിയിൽ വിചാരണയ്ക്കിടെ മൊഴി നൽകിയത്.
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫി കേസിൽ നിന്ന് രക്ഷപ്പെടാന്‍ കൃത്രിമ തെളിവുകൾ സൃഷ്ടിക്കാനും ശ്രമിച്ചു. താന്‍ കന്യകയാണെന്ന് സ്ഥാപിക്കാൻ സിസ്റ്റര്‍ സെഫി കന്യാചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ ഇക്കാര്യം വൈദ്യപരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
2008 നവംബറില്‍ സിസ്റ്റര്‍ സെഫിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. അന്ന് നടത്തിയ പരിശോധനയില്‍ സിസ്റ്റര്‍ സെഫി ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയതായി തെളിഞ്ഞുവെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനും പ്രോസിക്യൂഷന്‍ 29ാം സാക്ഷിയുമായ ഡോ. രമയും മെഡിക്കൽ കോളജ് പ്രിന്‍സിപ്പലും 19-ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനും സിബിഐ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം അന്തിമവാദത്തിലും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങളെല്ലാം പ്രതിഭാഗം ശക്തമായി എതിര്‍ത്തു.
പ്രതികള്‍ തമ്മിലുള്ള രഹസ്യബന്ധം അഭയ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ലൈംഗികതയും കൊലപാതകവുമാണ് അഭയ കേസിന്റെ ആകെത്തുകയെന്നാണ് സിബിഐ ഉദ്യോഗസ്ഥനായ നന്ദകുമാര്‍ നായര്‍ വിചാരണവേളയില്‍ കോടതിയില്‍ മൊഴി നൽകിയിരുന്നു. എന്നാൽ, സിസ്റ്റര്‍ അഭയക്കും കുടുംബത്തിനും ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതായും അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. തല കിണറ്റിലെ പമ്പില്‍ ഇടിച്ചാണ് മരണകാരണമായ മുറിവുണ്ടായതെന്നും പ്രതിഭാഗം പറഞ്ഞിരുന്നു.
സിബിഐ വാദം ഇങ്ങനെ- കോട്ടയം ബിസിഎം കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു സിസ്റ്റര്‍ അഭയ. 1992 മാര്‍ച്ച് 27ന് പുലര്‍ച്ചെ പഠിക്കാനായി എഴുന്നേറ്റ അഭയ വെള്ളം കുടിക്കാനായാണ് ഹോസ്റ്റലിലെ അടുക്കളയിലേക്ക് പോയത്. ഇവിടെവെച്ച് അഭയയെ കോടാലി കൊണ്ട് തലയ്ക്കടിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മൂന്നുതവണ തലയ്ക്ക് അടിയേറ്റ അഭയ ബോധരഹിതയായി നിലത്തുവീണു. കൊല്ലപ്പെട്ടെന്ന് കരുതി പ്രതികള്‍ പിന്നീട് അഭയയെ കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ തള്ളുകയായിരുന്നു. രാവിലെ മുതല്‍ അഭയയെ കാണാതായതോടെ ഹോസ്റ്റല്‍ അന്തേവാസികള്‍ തിരച്ചില്‍ തുടങ്ങി. ഇതിനിടെ ഒരു ചെരിപ്പ് ഹോസ്റ്റല്‍ അടുക്കളയിലെ റഫ്രിജറേറ്ററിന് സമീപത്തുനിന്ന് കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് കോണ്‍വെന്റിലെ കിണറ്റില്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്.