നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. കേസിൽ ജയിലിലായ ദിലീപിന് ജാമ്യം ശരിയാക്കി നൽകാം എന്ന വാഗ്ദാനവുമായി ഒരു കേരളത്തിലെ ഒരു പ്രമുഖ നേതാവിൻ്റെ മകൻ ദിലീപിൻ്റെ സുഹൃത്തായ സംവിധായകനെ ബന്ധപ്പെട്ടെന്നും പത്ത് കോടി രൂപ നേതാവിൻ്റെ മകൻ ഡിമാൻഡ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
കേസ് ഒതുക്കാനായി മലപ്പുറം വേങ്ങരയിലെ ഒരു നേതാവിൻ്റെ വീട്ടിലെത്തി ദിലീപും കാവ്യയും കൂടി 50 ലക്ഷം രൂപ കൊടുത്തുവെന്നും ബൈജു പറഞ്ഞു. 2017 സെപ്തംബർ 21-ന് ദിലീപിൻ്റെ അനിയൻ അനൂപും സുഹൃത്ത് സുരാജും മലപ്പുറം വേങ്ങരയിലെത്തി. സംസ്ഥാനത്തെ ഒരു പ്രമുഖ പാർട്ടിയുടെ യുവജനേതാവിനെ കാണാനാണ് അവർ പോയത്. തിരുവനന്തപുരത്തുള്ള ദിലീപിനെ ന്യായീകരിച്ചു സംസാരിക്കുന്ന ഒരാളുടെ ഇടപെടലിലാണ് നേതാവിനെ കാണാൻ ഇവർക്ക് അവസരമൊരുങ്ങിയത് എന്ന് ബൈജു പറഞ്ഞു.
ഒരു ഡീലുറപ്പിക്കാൻ വേണ്ടിയാണ് അവർ പോയത്. അഞ്ച് കോടി രൂപയുടെ ഒരു ഇടപാടായിരുന്നു അത്. കാര്യങ്ങളെല്ലാം തങ്ങൾ കൈകാര്യം ചെയ്തോളാം എന്ന ഉറപ്പ് അന്ന് അയാളിൽ നിന്നും അവർക്ക് കിട്ടി. പിന്നീട് ജയിലിൽ നിന്നും ദിലീപ് ഇറങ്ങിയ ശേഷം ദിലീപും കാവ്യയും വേങ്ങരയിലെത്തി അൻപത് ലക്ഷം രൂപ ഈ നേതാവിന് നൽകി. ഈ കൂടിക്കാഴ്ചയുടെ ഫോട്ടോകൾ ദിലീപിൻ്റെ കൈവശമുണ്ട് എന്നും ബൈജു പറഞ്ഞു.
ബാക്കി പണം ദില്ലിയിൽ എത്തിക്കാം എന്നായിരുന്നു ദിലീപ് നേതാവിന് നൽകിയ ഉറപ്പ്. ഈ സമയത്ത് ദിലീപ് അഭിനയിച്ച മൈ സാൻ്റാ എന്ന ചിത്രത്തിൽ ദിലിപീന് കിട്ടേണ്ട പ്രതിഫലത്തിൻ്റെ ബാലൻസ് തുക മൂന്നര കോടി ദില്ലിയിലാണ് കൊടുത്തത്. ഇങ്ങനെ പല കളികളും ഇതിലുണ്ട് എന്നും ഇയാൾ പറയുന്നു.
കേസിൽ ജാമ്യം ലഭിക്കുന്നതിനായി 10 കോടി നൽകണമെന്ന് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ ദിലീപിനോട് ആവശ്യപ്പെട്ടുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ദിലീപിന്റെ സുഹൃത്തായ സംവിധായകനോടാണ് ഫോമിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ദിലീപ് ജയിൽ മോചിതനായപ്പോൾ ഫോൺ കാളിന്റെ കാര്യം സൂചിപ്പിച്ചപ്പോൾ തന്നെ സർക്കാർ കുടുക്കിയതാണെന്ന് സ്ഥാപിക്കാനുള്ള അവസരമാണ് ഇല്ലാതായതെന്നും ആ ഫോൺ കോൾ റെക്കോർഡ് വീണ്ടെടുക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടതായി ബൈജു പറഞ്ഞു.
തുടർന്ന് എറണാകുളത്തെ ഐ.ടി സ്ഥാപനത്തിലെ സലീഷ് എന്നയാളെ ബന്ധപ്പെട്ട് ഫോൺ പരിശോധനയ്ക്ക് നൽകി. എന്നാൽ കോൾ റെക്കോഡ് കിട്ടിയില്ല. പിന്നീട് അമേരിക്കയിൽ ഐ ഫോൺ കമ്പനിയിൽ ഫോൺ അയച്ച് പത്ത് ലക്ഷം രൂപയോളം മുടക്കി ആ കോൾ റെക്കോർഡ് ദിലീപ് തിരിച്ചു പിടിച്ചു.
സലീഷിനേയും ദിലീപിനേയും പരിചയപ്പെടുത്തി കൊടുത്തത് ബാലചന്ദ്രകുമാർ ആണെങ്കിലും അവർ രണ്ട് പേരും പിന്നീട് അടുത്ത സുഹൃത്തുകളായി. വളരെ കാലം കഴിഞ്ഞ ബാലചന്ദ്രകുമാറിനെ സലീഷ് വിളിച്ചു സൗഹൃദം പുതുക്കിയിരുന്നു. താൻ ദിലീപിനെ വീണ്ടും കാണാൻ പോകുന്നുണ്ടെന്നും അന്ന് സലീഷ് ബാലചന്ദ്രകുമാറിനോട് പറഞ്ഞു. അവിടുന്നങ്ങോട്ട് മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ ആലുവയിൽ അജ്ഞാതവാഹനം ഇടിച്ച് സലീഷ് മരിക്കുകയായിരുന്നു എന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി.