ദിലീപ് വീണ്ടും അങ്കമാലി കോടതിയെ സമീപിച്ചു

കൊച്ചി: പ്രമുഖ നടിയെ സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. അച്ഛന്റെ ശ്രാദ്ധദിനത്തില്‍ ബലിയിടാന്‍ അനുവാദം ചോദിച്ചാണ് കോടതിയെ സമീപിച്ചത്. സെപ്തംബര്‍ ആറിന് രാവിലെ ഏഴ് മണിമുതല്‍ 11 മണിവരെയാണ് ചടങ്ങുകള്‍. ചടങ്ങില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്നും ജയിലില്‍ നിന്ന് പൊലീസ് കാവലില്‍ ബലിയിടാന്‍ പോയിട്ട് വരാമെന്നും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കി. ഈ മാസം ആറിനാണ് ശ്രാദ്ധചടങ്ങ്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16വരെ നീട്ടി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ റിമാന്‍ഡ് നീട്ടിയത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. ദിലീപ് ഹൈക്കോടതിയില്‍ രണ്ടാം തവണയും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.ദിലീപിന്റെ അപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും. എന്നാല്‍ അനുമതി നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ രംഗത്തെത്തി. തടസവാദം എഴുതി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
അതെ സമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി പോലീസ്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’യിലെത്തിയതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ലക്ഷ്യയിലെ ജീവനക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ ദിലീപിന് നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവാണിത്.കീഴടങ്ങുന്നതിന് തലേ ദിവസമാണ് പള്‍സര്‍ സുനി സ്ഥാപനത്തിലെത്തിയതെന്നാണ് ജീനവക്കാരന്‍ നല്‍കിയ മൊഴി . ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. ഈ സമയത്ത് സുനി ഒളിവിലായിരുന്നു. എന്നാല്‍ സംഭവത്തില്‍ കാവ്യക്ക് നേരിട്ട് ബന്ധമുള്ളതായി സൂചനകളൊന്നും ലഭിച്ചിട്ടില്ല. കേസില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ചിരുന്നു.

Top