ഹെൽത്ത് ഡെസ്‌ക്
കൊച്ചി: പല വിവാഹബന്ധങ്ങളും ഡൈവോഴ്്‌സിൽ കലാശിക്കുന്നത് ലൈഗികതയിലെ ഏറ്റക്കുറച്ചിലുകൾ മൂലമാണെന്നത് പരസ്യമായ രഹസ്യമാണ്. പലരും ഇതൊന്നും തുറന്നു സമ്മതിക്കാറില്ലെങ്കിലും. എന്നാൽ, സൈക്കോളജിസ്റ്റുകൾ പുറത്തു വിടുന്ന വിവരം ഞെട്ടിക്കുന്നത്. സൈക്കോളജിസ്റ്റിന്റെ ഡയറിയിലെ ഒരു കേസിന്റെ കഥ ഇങ്ങനെയാണ്.
എനിക്ക് 32 വയസ്. ഭർത്താവിന് എന്നേക്കാൾ ആറ് വയസ് കുറവാണ്. രണ്ടാം വിവാഹമായിരുന്നു ഞങ്ങളുടേത്. ഒരു വർഷമായി ഒരുമിച്ച് താമസിക്കുന്നു. പ്രണയ വിവാഹമായിരുന്നു. അയാളുടെ വീട്ടുകാരുടെ കടുത്ത എതിർപ്പിനെ വകവയ്ക്കാതെയാണ് ഞങ്ങൾ ഒന്നിച്ചു കഴിയുന്നത്. തരക്കേടില്ലാത്ത ശമ്പളം ലഭിക്കുന്നതിനാൽ സാമ്പത്തിക പ്രശ്നമൊന്നും ഞങ്ങൾക്കില്ല. വളരെ സന്തോഷകരമായ ജീവിതം നയിക്കുന്നു. എന്നാൽ അയാൾക്ക് എന്നോട് ലൈംഗികപരമായി പെരുമാറാൻ ആവുന്നില്ല. ഒരുതരം ബഹുമാനമാണ് എപ്പോഴും. ഒരു വർഷത്തിനിടെ ഞങ്ങൾ ബന്ധപ്പെട്ടത് മൂന്നു തവണ മാത്രമാണ്. അവയെല്ലാം തീർത്തും പരാജയവുമായിരുന്നു. എന്റെ അടുത്ത് എത്തുമ്പോൾ ഉദ്ധാരണം ഉണ്ടാകുന്നില്ല. പ്രായ വ്യത്യാസമാണോ ഇതിനു കാരണം. അയാളെ എങ്ങനെ മാറ്റിയെടുക്കാനാകും?
ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ ഇളപ്പമായിരിക്കണം എന്നത് ജീവശാസ്ത്രപരമായ ഒരു നിബന്ധനയല്ല. സത്രീകൾക്ക് ശരാശരി ആയുർദൈർഘ്യം കൂടുതലായതുകൊണ്ടും സ്ത്രീകളുടെ പ്രത്യുൽപാദന പ്രവർത്തനങ്ങൾ പുരുഷനെ അപേക്ഷിച്ച് നേരത്തെ ആരംഭിക്കുകയും നേരത്തേ നിലക്കുകയും ചെയ്യുന്നതുകൊണ്ടും ഉണ്ടായ കീഴ്വഴക്കമാവാമിത്. സ്ത്രീക്ക് പുരുഷനേക്കാൾ പ്രായം കുറഞ്ഞിരിക്കണം എന്ന് നിർബന്ധമില്ല. സാമൂഹ്യ നിയമങ്ങൾ മനുഷ്യന്റെ മനസിൽ പല വേലിക്കെട്ടുകളും ബോധമായും അബോധമായും സൃഷ്ടിക്കുന്നു.
തന്നേക്കാൾ പ്രായം കൂടിയ സ്ത്രീയെ ഭാര്യയായോ കാമുകിയായോ സങ്കൽപ്പിക്കാൻ കഴിയാതെ വരുന്നത് അബോധമായി മനസിലുള്ള ചില അരുതായ്മകൾ മൂലമാവാം. അമ്മ, സഹോദരി, അധ്യാപിക തുടങ്ങിയ സ്ഥാനങ്ങളിലുള്ള വ്യക്തിയോട് ലൈംഗികബന്ധം പാടില്ല എന്ന അലിഖിത നിയമത്തിന് മനുഷ്യസംസ്‌കാരത്തോളം പഴക്കമുണ്ട്. ഏതാണ്ട് എല്ലാ സംസ്‌കാരങ്ങളിലും ഇത്തരം നിയമങ്ങൾ ഉണ്ട് എന്നത് നരവംശശാസ്ത്രജ്ഞന്മാരും മനഃശാസ്ത്രജ്ഞരും നിരീക്ഷിച്ചിട്ടുള്ളവയാണ്. നിങ്ങളുടെ ഭർത്താവിന്റെ മനസിൽ കുടികൊള്ളുന്ന ഇത്തരം അബോധ നിഷേധങ്ങളാകാം ഇങ്ങനെയൊരവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്.
ലൈംഗികബന്ധത്തിനായി നിർബന്ധിക്കുന്നതും സമ്മർദം ചെലുത്തുന്നതും കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. അതുകൊണ്ട് തൽക്കാലം അതിന് തുനിയാതിരിക്കുക. ലൈംഗിക പരാജയവും പരാജയഭീതിയും കൂടുതൽ പരാജയത്തിലേക്ക് നയിച്ചേക്കാം. അതിനാൽ ഒരു മാനസികാരോഗ്യവിദഗ്ധനെ നേരിട്ട് കണ്ട് പ്രശ്നപരിഹാരത്തിനായി ശ്രമിക്കാവുന്നതാണ്.


