മിഷിഗണ്‍: വിമാനത്തില്‍ യാത്ര ചെയ്യവേ അടുത്ത സീറ്റില്‍ ഇരുന്നുറങ്ങിയ വിദേശ വനിതയുടെ വസ്ത്രത്തിനുള്ളില്‍ കയ്യിട്ട ഇന്ത്യാക്കാരന് അറസ്റ്റില്‍. വിദേശ വനിതയുടെ പരാതിയില്‍ പ്രഭു രാമമൂര്‍ത്തി (34) ആണ് അമേരിക്കയില്‍ അറസ്റ്റിയായത്. ഇയാള്‍ക്കെതിരെ ലൈംഗിക ദുരുപയോഗത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചു.
ജനുവരി മൂന്നിന് രാത്രിയാണ് സംഭവം. സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഭാര്യയ്ക്കൊപ്പം ലാസ്വേഗസില് നിന്നും ഡിട്രോയിറ്റിലേക്ക് പോകവേയാണ് പ്രഭു രാമമൂര്‍ത്തി സമീപത്തെ വിന്‍ഡോസീറ്റില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന 22കാരിയെ ആണ് ഇയാള്‍ തലോടിയത്. ഉറക്കത്തില്‍ തന്റെ ശരീരത്തില്‍ ആരോ സ്പര്‍ശിക്കുന്നതായി തോന്നിയ യുവതി ഞെട്ടി എഴുന്നേറ്റു.
തന്റെ ഷര്‍ട്ടിന്റെയും പാന്റിന്റെയും ബട്ടണുകള്‍ അഴിച്ചിട്ടിരിക്കുന്നതാണ് അവര്‍ കണ്ടത്. പ്രഭുവിന്റെ കൈ ഈ സമയം യുവതിയുടെ പാന്റിനുള്ളിലായിരുന്നു. യുവതി ഉണര്‍ന്നുവെന്ന് കണ്ടതോടെ പ്രഭു കൈമാറ്റി. ഉടന്‍തന്നെ യുവതി ഫ്ളൈറ്റ് ജീവനക്കാരെ കണ്ട് പരാതി നല്‍കുകയായിരുന്നു. യുവതി കരഞ്ഞുകൊണ്ടാണ് പരാതി നല്‍കിയതെന്നും ഈ സമയം വസ്ത്രത്തിലെ ബട്ടണുകള്‍ അഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും രണ്ട് ജീവനക്കാരും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് മൊഴി നല്‍കിയിട്ടുണ്ട്. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു ഈ സംഭവം. വിമാനം ലാന്‍ഡ് ചെയ്യാന്‍ 40 മിനിറ്റ് അവശേഷിക്കേയാണിത്.
പ്രഭു യുവതിക്കും ഭാര്യയ്ക്കും മധ്യേയുള്ള സീറ്റിലാണ് ഇരുന്നതെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. യുവതിയെ വിമാനത്തിനു പിന്നില്‍ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തിയ ജീവനക്കാര്‍ പ്രഭുവിന്റെ ഭാര്യയെ വിളിപ്പിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. വിമാനം നിലത്തിറങ്ങിയ ഉടന്‍ പ്രഭുവിനെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ അമന്‍ഡ ജാവദ് പറഞ്ഞു.
എന്നാല്‍ വിമാനത്തില്‍ കയറിയ ഉടന്‍ താന്‍ ഒരു ഗുളിക കഴിച്ചിരുന്നുവെന്നും നല്ല ഉറക്കത്തിലായിരുന്നുവെന്നുമാണ് പ്രഭു പറയുന്നത്. ഭാര്യ പറയുമ്പോഴാണ് താന്‍ കാര്യങ്ങള്‍ അറിഞ്ഞത്. രണ്ടര വര്‍ഷമായി ഒരു ടെക്നോളജി കമ്പനിയില്‍ കരാര്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു പ്രഭു.