വ്യാജ സർട്ടിഫിക്കറ്റ് : നിഖിൽ തോമസിനെ എസ്എഫ്ഐ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി

തിരുവനന്തപുരം: കായംകുളം വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്.എഫ്.ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി.നിഖിൽ തോമസ് ചെയ്തത് ഒരിക്കലും എസ്.എഫ്.ഐ പ്രവർത്തകർ ചെയ്യരുതാത്ത കാര്യം. സർട്ടിഫിക്കറ്റ് മാഫിയയുടെ ഭാഗമായി നിഖിൽ തോമസ് മാറിയെന്ന് എസ്.എഫ്.ഐ പ്രസ്താവനയിൽ വ്യക്തമാക്കി. എസ്.എഫ്.ഐയുടെ മുഴുവൻ പ്രവർത്തകർക്കും പാഠമാകുന്ന രീതിയിൽ നിഖിൽ തോമസിനെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്നലെ പരിശോധിച്ച് ബോധ്യപ്പെട്ടത് സർവകലാശാല രേഖ മാത്രം. സംഘടനാ ഘടകങ്ങളിൽ നിന്നും മാറ്റി നിർത്തിയതും ആരോപണങ്ങൾ കാരണം. സംഘടനയെ നിഖിൽ തെറ്റിദ്ധരിപ്പിച്ചു എന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ദേഹം നൽകിയ സർട്ടിഫിക്കറ്റുകളിൽ കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്.എഫ്.ഐക്ക് മുമ്പിൽ ഉണ്ടായിരുന്നത്. ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാൽ കലിംഗ യൂണിവേഴ്സിറ്റിയിൽ റെഗുലറായി കോഴ്സ് പൂർത്തീകരിക്കാൻ നിഖിൽ തോമസിന് എങ്ങനെ സാധിച്ചു എന്ന ആശങ്ക എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് ഉണ്ടായിരുന്നു. അത് മാധ്യമങ്ങളോട് പങ്കുവെച്ചതുമാണ് എന്നും പ്രസ്താവനയിൽ അവർ പറഞ്ഞു.

എന്നാൽ പിന്നീട് പുറത്തുവന്ന വാർത്തകൾ പ്രകാരം നിഖിൽ തോമസ് കലിംഗ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ആയിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്സിറ്റികളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്ന ഏജൻസികൾ കേരളത്തിന് അകത്തും പുറത്തും പ്രവർത്തിക്കുന്നുണ്ട്. ഇത് രാജ്യമാകെ പടർന്ന് കിടക്കുന്ന മാഫിയാ സംഘമാണ്. ഇത്തരം മാഫിയാ സംഘത്തിൻ്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി എന്നു വേണം മനസ്സിലാക്കാൻ എന്നും പ്രസ്താവനയിൽ സംഘടനാ ഭാരവാഹികൾ അറിയിച്ചു.

നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടും ചതിയെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ നേരത്തെ പറഞ്ഞിരുന്നു. നിഖിൽ തോമസിനെതിരെ അന്വേഷണം ഉണ്ടാകും. ഇതുവരെ നിഖിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും. കോളജിൽ പ്രവേശനം നേടണമെന്ന് ആവശ്യപ്പെട്ട് തോമസ് സിപിഐഎമ്മിനെ സമീപിച്ചിട്ടുണ്ട്. നിഖിൽ തോമസിന് അഡ്മിഷൻ ലഭിക്കാൻ സിപിഐഎം മാനേജ്മെന്റിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ വ്യക്തമാക്കി.

Top